![](https://www.nrimalayalee.com/wp-content/uploads/2021/11/Largest-Airport-in-Asia-UP-Noida.jpg)
സ്വന്തം ലേഖകൻ: ആയിരങ്ങളുടെ ആരവങ്ങൾക്കിടയിലാണ് ജേവാർ വിമാനത്താവളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിട്ടത്. രാജ്യത്തിന്റെ സ്വപ്ന പദ്ധതിയിൽ വികസനമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. പടിഞ്ഞാറൻ യു.പി.ക്കു പുറമെ, ദേശീയ തലസ്ഥാനമേഖലയിൽ വൻവികസനക്കുതിപ്പിനു വഴിയൊരുക്കുന്നതാണ് അന്താരാഷ്ട്ര വിമാനത്താവളം. നിർമാണം പൂർത്തിയാവുന്നതോടെ ഇന്ത്യയിലേയും ഏഷ്യയിലേയും ഏറ്റവും വലിയ വിമാനത്താവളമെന്ന ഖ്യാതി നോയ്ഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു വന്നുചേരും.
10,500 കോടി രൂപ മുതൽമുടക്കിൽ 1300 ഹെക്ടർ സ്ഥലത്താണ് ആദ്യഘട്ടത്തിൽ വിമാനത്താവളമൊരുങ്ങുക. വർഷത്തിൽ 1.2 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടം. മൊത്തം 5000 ഹെക്ടറിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. ഇതിനായി 29,560 കോടി രൂപ മുതൽമുടക്കുമെന്നാണ് റിപ്പോർട്ട്.
ജേവാർ വിമാനത്താവളം വടക്കേ ഇന്ത്യയിലേക്കുള്ള പ്രധാന ലോജിസ്റ്റിക് ഗേറ്റ്‌വേ ആയി മാറുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന സമയത്ത് പറഞ്ഞത്. സാമ്പത്തിക രംഗത്ത് ഏറെ മുന്നോട്ട് പോകാൻ സാധ്യതയുള്ള പദ്ധതിയാണ് ഇതെന്ന് വിദഗ്ദരും അഭിപ്രായപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കുക വിനോദ സഞ്ചാര മേഖലയിലായിരിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള യാത്രാ സംവിധാനങ്ങൾ ഇതിന് ഏറെ ഗുണംചെയ്യും.
ജേവാർ വിമാനത്താവളം പൂര്‍ത്തിയാകുന്നതോടെ വിനോദ സഞ്ചാര മേഖലകളിലും വൻ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. താജ്മഹൽ സന്ദർശിക്കുന്നവർക്ക് ഡൽഹിയിൽ ഇറങ്ങാതെ, ജേവാർ വിമാനത്താവളം വഴി പോകാൻ സൗകര്യമൊരുങ്ങും.
നോയ്ഡയും ഡൽഹിയും മെട്രോ സർവീസ് വഴി വിമാനത്താവളവുമായി കണ്ണിചേർക്കും. യമുന അതിവേഗപാത, വെസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ, ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് വേ ഡൽഹി-മുംബൈ എക്സ്പ്രസ് വേ തുടങ്ങി സമീപത്തെ എല്ലാ പ്രധാന റോഡുകളും ഹൈവേകളും വിമാനത്താവളവുമായി ബന്ധിപ്പിക്കും. ഡൽഹി-വാരാണസി ഹൈ സ്പീഡ് റെയിലുമായും വിമാനത്താവളം ബന്ധിപ്പിക്കും. ഇത് വിനോദ സഞ്ചാര മേഖലയിലും വൻ കുതിപ്പിന് വഴിവെക്കും.
വിമാനത്താവളം വരുന്നതോടെ തൊഴിൽ സാധ്യതകളുടെ വർധനവാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഒരു ലക്ഷത്തോളം വരുന്ന ആളുകൾക്ക് ഇതിലൂടെ ജോലി സാധ്യത ഉണ്ടാകുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് ജേവാർ വിമാനത്താവളം ഏറെ സഹായകരമാകും. ഒരു ലക്ഷത്തിലേറെ വരുന്ന ആളുകൾക്ക് ഇതിലൂടെ ജോലിസാധ്യത ഉണ്ടാകുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി പറഞ്ഞു.
ജോലി സാധ്യതകൾ വർധിക്കുന്നതിനൊപ്പം തന്നെ നിക്ഷേപങ്ങളും വർധിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 35,000 കോടിയുടെ നിക്ഷേപം പ്രദേശത്ത് ഉണ്ടാകും. വിമാനത്താവളം പൂർത്തിയാക്കുന്ന ആദ്യ വർഷം തന്നെ 10,000 കോടിയുടെ നിക്ഷേപം ഉണ്ടാകും.
ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെറും 72 കിലോമീറ്ററും ദാദ്രിയിലെ മൾട്ടി നോഡൽ ലോജിസ്റ്റിക് ഹബിൽ നിന്ന് 40 കിലോമീറ്റർ ദൂരവും മാത്രമാണ് ദൂരം. ഈ പ്രദേശങ്ങളിലുള്ള റിയൽ എസ്റ്റേറ്റ് മേഖല, ഓഫീസുകൾ, വിൽപ്പന കേന്ദ്രങ്ങൾ തുടങ്ങിവയിലൊക്കെ വൻ നിക്ഷേപങ്ങളുണ്ടാകുമെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
സൂറിക് എയർപോർട്ട് കമ്പനിക്കാണ് ജേവാർ വിമാനത്താവളത്തിന്റെ നിർമാണക്കരാർ. യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നോയിഡ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡ് (നിയാൽ) എന്നിവയും കരാറിൽ പങ്കാളികളാവും. നിർമാണം പൂർത്തിയാകുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമായി യു.പി. മാറും.
ലഖ്‌നൗ, വാരാണസി അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മാത്രമുണ്ടായിരുന്ന യു.പി.യിൽ കഴിഞ്ഞമാസം 20-ന് കുശിനഗർ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് ജേവാർ വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം എന്നതും ഏറെ ശ്രദ്ധേയമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല