1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 26, 2021

സ്വന്തം ലേഖകൻ: ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രഫഷണലുകള്‍ക്കും അമേരിക്ക, ബ്രിട്ടന്‍, ചൈന തുടങ്ങി 53 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ഓണ്‍ലൈന്‍ വിസ സമ്പ്രദായം പുനരാരംഭിച്ച് കുവൈത്ത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഓണ്‍ലൈന്‍ വിസ സംവിധാനം രണ്ട് വര്‍ഷത്തിനു ശേഷമാണ് കുവൈത്ത് പുനരാരംഭിക്കുന്നത്.

53 രാജ്യക്കാര്‍ക്ക് നിലവില്‍ കുവൈത്ത് വിമാനത്താവളത്തില്‍ എത്തുന്ന മുറയ്ക്ക് ഓണ്‍ അറൈവല്‍ വിസ നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി മുതല്‍ ഇവര്‍ നേരത്തേ ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷ നല്‍കണമെന്നും താമസകാര്യ വകുപ്പ് അറിയിച്ചു. മൈ ഇമ്മ്യൂണിറ്റി എന്ന ആപ്ലിക്കേഷന്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയ്‌ക്കൊപ്പം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.

ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷയ്ക്ക് അനുമതി ലഭിച്ച ശേഷം മാത്രമേ കുവൈത്തിലേക്ക് യാത്ര തിരിക്കാവൂ എന്നും അധികൃതര്‍ അറിയിച്ചു. അതോടൊപ്പം 72 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കൈവശം ഉണ്ടായിരിക്കണം. അമേരിക്ക, ബ്രിട്ടന്‍, സ്വിറ്റസര്‍ലാന്‍ഡ്, ഇറ്റലി, ജപ്പാന്‍, ഫ്രാന്‍സ്, തുര്‍ക്കി, ചൈന, ജര്‍മനി, സിംഗപ്പൂര്‍, കാനഡ തുടങ്ങി 53 രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പട്ടികയാണ് കഴിഞ്ഞ ദിവസം താമസകാര്യ വകുപ്പ് പുറത്ത് വിട്ടത്.

എന്നാൽ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല. ജിസിസി രാജ്യങ്ങളില്‍ പ്രവാസം നയിക്കുന്ന ചില പ്രഫഷനലുകള്‍ക്കും ഇ വിസക്ക് അപേക്ഷിക്കാം. ഡോക്ടര്‍, എന്‍ജിനീയര്‍, നിയമവിദഗ്ധന്‍, സര്‍വകലാശാല അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍, പൈലറ്റ്, സിസ്റ്റം അനലിസ്റ്റ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, മാനേജര്‍, സ്ഥാപന ഉടമകള്‍ തുടങ്ങിയവയാണ് ഇ വിസ ലഭിക്കുന്ന പ്രഫഷനുകള്‍.

ഇ വിസയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് പാസ്പോര്‍ട്ട് കാലാവധി ആറുമാസത്തില്‍ കൂടുതല്‍ ഉണ്ടാകണം. ടൂറിസ്റ്റ് വിസ അനുവദിച്ച് ഒരു മാസത്തിനകം കുവൈത്തില്‍ പ്രവേശിക്കണം. ഒറ്റത്തവണ പ്രവേശനത്തിന് മാത്രമാണ് ഇ വിസ അനുവദിക്കുക. ടൂറിസ്റ്റ് വിസയില്‍ കുവൈത്തില്‍ പരമാവധി മൂന്നു മാസം വരെ താമസിക്കാം.

ഏതു സമയത്തും അപേക്ഷിക്കാമെങ്കിലും പ്രവൃത്തി ദിവസങ്ങളിലാണ് പരിഗണിക്കുക. ഇ വിസ അനുവദിച്ചോ നിരസിച്ചോയെന്ന് ഇ മെയില്‍ വഴി അറിയിക്കും. ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ തൊഴിലെടുക്കാന്‍ പാടില്ലെന്നും പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴ നല്‍കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.