1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2011

മലയാളത്തിന്‍റെ പ്രിയ കവിയും ഗാനരചയിതാവുമായ മുല്ലനേഴി അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നു തൃശൂര്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുല്ലനേഴി എം.എം. നീലകണ്ഠന്‍ നമ്പൂതിരി എന്നായിരുന്നു മുഴുവന്‍ പേര്.

1948 മേയ് 16നു തൃശൂര്‍ ആവിണിശ്ശേരിയിലുള്ള മുല്ലനേഴി മനയില്‍ നാരായണന്‍ നമ്പൂതിരിയുടെയും നങ്ങേലി അന്തര്‍ജനത്തിന്‍റെയും മകനായി ജനിച്ചു. ദീര്‍ഘകാലം രാമവര്‍മപുരം സര്‍ക്കാര്‍ ഹൈസ്കൂളില്‍ അധ്യാപകനായിരുന്നു. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാഡമി ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചു. എഴുപതോളം ചലച്ചിത്ര ഗാനങ്ങളും നിരവധി ആല്‍ബങ്ങളിലെ ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

1976ല്‍ പുറത്തിറങ്ങിയ ഞാവല്‍പ്പഴങ്ങള്‍ എന്ന സിനിമയിലെ “കറുകറുത്തൊരു പെണ്ണാണേ’ എന്ന ഗാനമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. കൈയും തലയും പുറത്തിടരുത് എന്ന ചിത്രത്തിലെ “ആകാശ നീലിമ മിഴികളിലെഴുതും..’ എന്ന ഗാനത്തിനു 1981ലെ സംസ്ഥാന അവാര്‍ഡ് ലഭിച്ചു. നിരവധി നാടകങ്ങളിലും സിനിമകളിലും അഭിനയിച്ചു. 1970ല്‍ അബ്ദുള്‍ അസീസിന്‍റെ ചാവേര്‍പ്പട എന്ന നാടകത്തില്‍ പ്രേംജിയോടൊപ്പം അഭിനയിച്ചാണു മുല്ലനേഴി കലാരംഗത്തു പ്രവേശിച്ചത്.

ആനവാല്‍ മോതിരം(കവിത), പെണ്‍കൊട(നാടകം), മോഹപ്പക്ഷി(കുട്ടികള്‍ക്കുള്ള നാടകം), നാറാണത്തു ഭ്രാന്തന്‍(കവിത), രാപ്പാട്ട്(കവിത), അക്ഷരദീപം(കവിത), സമതലം(നാടകം) കവിത( കവിത) എന്നിവയാണു പ്രധാന കൃതികള്‍. 1977ല്‍ ഉള്ളൂര്‍ കവിമുദ്ര പുരസ്കാരവും 1989ല്‍ നാലപ്പാടന്‍ സ്മാരക പുരസ്കാരവും ലഭിച്ചു. 1995 സമതലം എന്ന നാടകത്തിനും 2010ല്‍ കവിത എന്ന കൃതിക്കും കേരളസാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചു. ഉച്ചയ്ക്കു 12 മണിമുതല്‍ 2.30 വരെ മൃതദേഹം അക്കാഡമി ഹാളില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 5 മണിക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.