സ്വന്തം ലേഖകൻ: ബ്രെക്സിറ്റും കോവിഡും ചേർന്ന് നൽകിയ ഇരട്ട പ്രഹരമേറ്റ് യുകെയിലെ ക്രിസ്മസ് വിപണി. യുകെയിലുടനീളമുള്ള ടൗണ്‍ സ്ക്വയറുകളും നഗര കേന്ദ്രങ്ങളും നിറയ്ക്കുന്ന പരമ്പരാഗത കോണ്ടിനെന്റല് ക്രിസ്മസ് മാര്‍ക്കറ്റുകള്‍ ഈ വര്‍ഷം ചെറുതും കുറഞ്ഞ തോതിലും ആയിരിക്കും. കോവിഡ് മൂലം ചുരുങ്ങിയത് 10,000 പ്രൊഫഷണല്‍ സ്റ്റാള്‍ ഹോള്‍ഡര്‍മാര്‍ വ്യവസായം ഉപേക്ഷിച്ചു എന്നാണ്. മറുവശത്തു ബ്രക്സിറ്റ് ബ്രിട്ടനിലേക്കുള്ള ചരക്കുകളും ആളുകളെയും ഇറക്കുമതി ചെയ്യുന്നത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
മാഞ്ചസ്റ്ററിലെ സെന്റ് ആന്‍സ് സ്ക്വയറില്‍ ജര്‍മ്മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ 23 സ്റ്റാളുകള്‍ അഞ്ജ മാങ്കെ നടത്തുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി ബ്രെമനും ഇംഗ്ലണ്ടിനും ഇടയില്‍ അവള് യാത്ര ചെയ്യുന്നു, യുകെ തന്റെ രണ്ടാമത്തെ വീടായി അവര്‍ കണക്കാക്കുന്നു. എന്നാല്‍ ഈ വര്‍ഷം വ്യത്യസ്തമായിരുന്നു. ബ്രക്സിറ്റ് മൂലം ലോജിസ്റ്റിക്സ് ഓര്‍ഗനൈസുചെയ്യാന്‍ ആഴ്ചകളെടുത്തു, കാരണം ഓരോ ഉല്‍പ്പന്നത്തിനും വ്യക്തിക്കും പെര്‍മിറ്റുകള്‍ ആവശ്യമാണ്.
മൊത്തത്തില്‍, ഈ വര്‍ഷം മാഞ്ചസ്റ്ററില്‍ കുറച്ച് യൂറോപ്യന്‍ സ്റ്റാള്‍ ഹോള്‍ഡര്‍മാരെ ഉണ്ടാകൂ. ‘ഇത് വളരെ വേദനാജനകമാണ്,’ അഞ്ജ പറഞ്ഞു. പാന്‍ഡെമിക്കില്‍ തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ജീവിക്കേണ്ടി വന്നതിനാല്‍ പലരും ബിസിനസിലേക്ക് മടങ്ങിയില്ലെന്ന് അവര്‍ കരുതുന്നു, മാത്രമല്ല, യൂറോപ്പിലെ വര്‍ദ്ധിച്ചുവരുന്ന കോവിഡ് നിരക്ക് വ്യാപാരികളെ അസ്വസ്ഥരാക്കി.അഞ്ജയുടെ ബിസിനസ്സ് ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ അവര്‍ ഒരു ബൗണ്‍സ്-ബാക്ക് ലോണിന് അര്‍ഹയായി.
ബിബിസി ഒരു ഡസന്‍ സിറ്റി കൗണ്‍സിലുകളെ അവരുടെ വാര്‍ഷിക ക്രിസ്മസ് മാര്‍ക്കറ്റ് സംബന്ധിച്ച് ബന്ധപ്പെട്ടു. ലീഡ്സ് മാത്രമാണ് അതിന്റെ വിപണി റദ്ദാക്കിയത്. മാഞ്ചസ്റ്ററിലും ബര്‍മിംഗ്ഹാമിലുമുള്ള ഏറ്റവും വലിയ രണ്ടെണ്ണം തുറന്നിട്ടുണ്ട്. എഡിന്‍ബര്‍ഗ്, ഗ്ലാസ്ഗോ, ബോണ്‍മൗത്ത്, ഓക്സ്ഫോര്‍ഡ്, യോര്‍ക്ക്, ബ്രിസ്റ്റോള്‍, നോട്ടിംഗ്ഹാം, ന്യൂകാസില്‍, എക്സെറ്റര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ തുറന്നിരിക്കുന്നു. എന്നാല്‍ സ്റ്റാളുകളും കുറവാണ്.
ക്രിസ്മസ് നാളുകളില്‍ വീഞ്ഞ്, മദ്യ ക്ഷാമം നേരിടേണ്ടിവരുമെന്ന് വ്യാപാര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ചെലവുകളും കോവിഡ് പ്രതിസന്ധിയും വിതരണത്തിലെ കാലതാമസവും കാരണം ക്ഷാമം ഉണ്ടാകുമെന്ന് വൈന്‍ ആന്‍ഡ് സ്പിരിറ്റ് ട്രേഡ് അസോസിയേഷന് (ഡബ്ല്യുഎസ്ടിഎ) വ്യക്തമാക്കി. ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സിന് അയച്ച കത്തിലാണ് ഈ ആശങ്ക വിവരിച്ചത്. പെര്‍നോഡ് റിക്കാര്‍ഡ്, മൊയെ ഹെന്നസി, വൈന്‍ സൊസൈറ്റി എന്നിവയുള്‍പ്പെടെ 49 സ്ഥാപനങ്ങള്‍ കത്തില്‍ ഒപ്പുവച്ചു.
യുകെയില്‍ അവശ്യ സാധനങ്ങളുടെ വില റോക്കറ്റ് കണക്കെ കുതിയ്ക്കുന്നു. ഇത് ക്രിസ്മസ് വിപണിയെ ബാധിക്കും. രാജ്യത്ത് പണപ്പെരുപ്പം കുതിച്ചുയരുകയാണ്. പെട്രോളിന് 2013 മാര്‍ച്ചിന് ശേഷം ഏറ്റവും വിലയേറിയ സമയം കൂടിയാണിത്. പുറത്ത് ഭക്ഷണം കഴിക്കാനും, സൂപ്പര്‍മാര്‍ക്കറ്റ് ബില്ലുകളിലും, മാനുഫാക്ചറിംഗ് ഉത്പന്നങ്ങളിലും വര്‍ദ്ധനവ് പ്രകടമാണ്. ജീവിതച്ചെലവ് വര്‍ദ്ധിക്കുകയാണ്. കഫെ, റെസ്റ്റൊറന്റ്, പബ്ബ് വിലകള്‍ വര്‍ഷത്തില്‍ 14-18 ശതമാനമാണ് ഉയരുന്നത്.
മാനുഫാക്ചറേഴ്സും, ഹെവി ഇന്‍ഡസ്ട്രീസും മെറ്റീരിയല്‍ വിലകളില്‍ 30 മുതല്‍ 40 ശതമാനം വര്‍ദ്ധനവാണ് നേരിടുന്നത്. എനര്‍ജി, ഷിപ്പിംഗ് ചെലവുകളാണ് ഇതിന് ഇടയാക്കുന്നത്. ഒരു കണ്ടെയ്നര്‍ ട്രാന്‍സ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 1100 പൗണ്ട് വേണ്ടിയിരുന്നത് ഇപ്പോള്‍ 14,500 പൗണ്ടിലേക്കാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
ഡ്രൈവര്‍മാരുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെടുന്നില്ല .അസോസിയേഷനുകള്‍ മുന്നറിയിപ്പ് നല്കുന്നു. വിദേശ ഡ്രൈവര്‍മാരെ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ പദ്ധതിയും വിജയിച്ചില്ല. ഇത് ക്രിസ്മസ് വിപണിയെ പ്രതികൂലമായി ബാധിക്കും. പണപ്പെരുപ്പം എട്ട് ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രവചനം- 30 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കാണിത്. ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ടു പേരും ക്രിസ്മസ് നാളുകളില്‍ അത്യാവശ്യ വസ്തുക്കളുടേ ലഭ്യതയെ ഓര്‍ത്ത് ആശങ്കപ്പെടുന്നു എന്ന് റീടെയില്‍ മാഗസിന് ദി ഗ്രോസര്‍ നടത്തിയ സർവേയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല