1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2021

സ്വന്തം ലേഖകൻ: വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രം പാസാക്കി. ബില്ലിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഇരു സഭകളിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അവതരിപ്പിച്ചത്. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമം റദ്ദാകും.

നിയമം റദ്ദാക്കാനുള്ള ബില്ലിന്മേൽ ചർച്ച വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കൃഷി നിയമങ്ങൾ പിൻവലിക്കുന്നതിൽ ചർച്ച ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചർച്ച കൂടാതെ ബിൽ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.

നിയമം പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചാൽ ചർച്ചയുടെ ആവശ്യമില്ലെന്നായിരുന്നു സർക്കാർ നിലപാട്. അന്നദാതാക്കള്‍ക്കായി പാര്‍ലമെന്റില്‍ ഇന്ന് സൂര്യനുദിക്കുമെന്നാണു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മിനിമം താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാരിന് അനുകൂല നിലപാടില്ല.

പ്രതിഷേധങ്ങള്‍ കത്തിനില്‍ക്കെയാണ് 3 കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന് ഗുരുനാനാക് ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഡിസംബർ 23 വരെയാണു സമ്മേളനം. 25 നിർണായക ബില്ലുകളാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കുക. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെട്ടിരിക്കെ ഇരുസഭകളും പ്രക്ഷുബ്ധമായേക്കും. ക്രിപ്റ്റോ കറന്‍സി നിയന്ത്രണ ബില്‍, നഴ്സിങ് കൗണ്‍സില്‍ ബില്‍, ഡാം സുരക്ഷ ബില്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.