![](https://www.nrimalayalee.com/wp-content/uploads/2021/03/Kuwait-Covid-Cases-Children.jpg)
സ്വന്തം ലേഖകൻ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി എയര്‍പോര്‍ട്ടും കര അതിര്‍ത്തിയും അടച്ചിടാന്‍ തല്ക്കാലം തീരുമാനം എടുത്തിട്ടില്ലെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശെയ്ഖ് ഹമദ് ജാബിര്‍ അല്‍ അലി അറിയിച്ചു. കൊറോണ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ട മന്ത്രിതല കമ്മിറ്റിയുടെ പ്രത്യേക യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ വൈറസ് അപകടകാരിയാണ്. കുവൈത്തിന് അകത്തുള്ളവരും രാജ്യത്തിലേക്ക് വരുന്നവരും ഇതിനെ പ്രതിരോധിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു. പുതിയ സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ കുവൈത്ത് പൗരന്മാര് രാജ്യത്തിന് പുറത്തേക്ക് പോകാവൂ എന്നും മന്ത്രിതല കമ്മിറ്റി നിര്‍ദ്ദേശിച്ചു. പ്രത്യേകിച്ച് കോവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലേക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ യാത്ര ചെയ്യാവൂ.
അത്തരം സാഹചര്യങ്ങളില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കണമെന്നും യോഗം ജനങ്ങളോട് ആഹ്വാനം ചെയ്തു. മാസ്ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍, വാക്സിന് എടുക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ മാത്രമേ കൊവിഡിനെ ചെറുത്തുനില്‍ക്കാനാവൂ എന്ന കാര്യം ഇതിനകം തെളിയിക്കപ്പെട്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് പ്രവേശിക്കാതെ നോക്കാനാണ് കുവൈത്ത് ലക്ഷ്യം വെക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതുവഴി കുവൈത്തിലേക്കുള്ള അതിന്റെ വ്യാപനം ചെറുക്കണം. ഇതിന്റെ ഭാഗമായി രാജ്യത്ത് രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കണമെന്ന് മന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധനാ നടപടികള്‍ ശക്തമാക്കുന്നതിലൂടെ അതിന്റെ വ്യാപന സാധ്യത കണ്ടെത്തി നിയന്ത്രിക്കാനാവും. പുതിയ സാഹചര്യത്തെ കുവൈത്ത് ഗൗരവത്തോടെ നിരീക്ഷിച്ച് വരികയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങളില്‍നിന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നേരത്തെ നടപ്പാക്കിയിരുന്ന റെഡ് ലിസ്റ്റ് സംവിധാനം കുവൈത്ത് പുനഃസ്ഥാപിച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, ലിസോത്തോ, ഇസ്വാറ്റിനി, സാംബിയ, മലാവി എന്നിങ്ങനെ ഒന്‍പത് രാജ്യങ്ങളെയാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. വൈറസ് വ്യാപിക്കുന്നതിനനുസരിച്ച് കൂടുതല്‍ രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയേക്കും.
കോവിഡ് വ്യാപനം അവലോകനം ചെയ്ത് ഇടക്കിടെ പട്ടികയില്‍ മാറ്റം വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു. നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 43 ഓളം രാജ്യങ്ങള്‍ കുവൈത്തിന്റെ റെഡ്ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ ഒഴിവാക്കിയ റെഡ്ലിസ്റ്റ് സംവിധാനം കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പുനഃസ്ഥാപിച്ചത്. നിലവില്‍ യാത്രാവിമാനങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒമിക്രോണ്‍ ബാധിത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുവൈത്ത് പൗരന്മാര് അല്ലാത്ത യാത്രക്കാര്‍ക്ക് നേരിട്ട് കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം കുവൈത്തിലേക്ക് മടങ്ങിയെത്താം. കുവൈത്തില്‍ പ്രവേശിച്ച ഉടന്‍ വിമാനത്താവളത്തില്‍ വച്ചും രാജ്യത്തെത്തി ആറാം ദിവസവും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് എത്തുന്ന സ്വദേശികള്‍ ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയണം. യാത്രക്കാര്‍ക്ക് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റും പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും അനിവാര്യമാണ്. അതേസമയം, കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല