സ്വന്തം ലേഖകൻ: കോവിഡ് വൈറസിൻ്റെ പുതിയ വകഭേദം ‘ഒമിക്രോൺ’ റിേപ്പാർട്ട് ചെയ്ത വാർത്ത ഇന്ത്യക്കാരടക്കമുള്ള പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. നാട്ടിലേക്ക് മടങ്ങുകയും ഇതിനിടെ ഇന്ത്യയിൽ കോവിഡിൻ്റെ പുതിയ വകഭേദം റിേപ്പാർട്ട് ചെയ്യുകയും ചെയ്താൽ ഒമാനിലേക്കുള്ള മടക്കം സാധ്യമാകില്ലെന്നാണ് പലരും കരുതുന്നത്.
അതുകൊണ്ടുതന്നെ യാത്ര താൽകാലികമായെങ്കിലും മാറ്റിവെക്കാനുള്ള ആലോചനയിലാണ് പലരും. വരും ദിനങ്ങളിലെ സ്ഥിതിഗതികൾ അറിഞ്ഞതിനു ശേഷം കാര്യങ്ങൾ മുേന്നാട്ടു കൊണ്ടുപോകാനാണ് ഇവരുടെ തീരുമാനം. അതിവ്യാപന ശേഷിയുള്ള വൈറസാണ് ‘ഒമിക്രോൺ’ എന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്താൽ ആ രാജ്യങ്ങളിൽനിന്നുള്ളവർക്ക് പ്രവേശന വിലക്ക് ഒമാൻ ഏർപ്പെടുത്തുമെന്ന് ഉറപ്പാണ്. ഇതിൻ്റെ സൂചന നൽകി കഴിഞ്ഞ ദിവസം ഏഴ് ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വിലക്ക് ഞായറാഴ്ച എട്ട് മണിയോടെ നിലവിൽ വരുകയും ചെയ്തു. രാജ്യത്ത് നിലവിൽ കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാണ്. മറ്റൊരു കോവിഡ് ദുരന്തത്തിലേക്ക് രാജ്യത്തെ വലിച്ചിടാതിരിക്കാൻ കാര്യങ്ങൾ സൂക്ഷ്മതയോടെയാണ് ഒമാൻ കൈകാര്യം ചെയ്യുന്നത്. കോവിഡ് കേസുകൾ പല ദിവങ്ങളിലും അഞ്ചിൽ താഴെയാണെങ്കിലും നിയന്ത്രണങ്ങളിൽ അയവൊന്നും വരുത്തിയിട്ടില്ല. അത് കൊണ്ടുതന്നെ പുതിയ വകഭേദത്തിനെതിരെയും നിലപാട് കർശനമാകാനാണ് സാധ്യത.
കോവിഡ് പ്രതിസന്ധിയും ടിക്കറ്റിലെ ഉയർന്ന നിരക്കും കാരണം രണ്ടു വർഷമായി നാട്ടിൽപോകാൻ കഴിയാത്ത നിരവധി പ്രവാസികളാണ് ഒമാനിൽ. ഇവരിൽ പലരും ഡിസംബറിലും ജനുവരിയിലുമായി നാട്ടിലേക്ക് മടങ്ങാനായി കാത്തു നിൽക്കുന്നവരാണ്. ഡിസംബറിൽ ഒമാനിൽ ഇന്ത്യൻ സ്കൂളുകൾ ക്രിസ്മസ് അവധിക്കായി അടക്കുകയാണ്. സ്കൂൾ അവധിക്കാലത്ത് നിരവധി പേരാണ് നാട്ടിൽ പോവാനിരിക്കുന്നത്. അധ്യാപകരും രക്ഷിതാക്കളും അടക്കം നിരവധി പേർ കഴിഞ്ഞ 2019 ജൂണിലെ വേനൽകാലത്ത് നാട്ടിൽ പോയവരാണ്.
ഇന്ത്യയിൽ നിന്നുള്ള വിമാന സർവിസുകൾ ഡിസംബർ അവസാനത്തോടെ സാധാരണ ഗതി പ്രാപിക്കുമെന്ന് വ്യോമയാന സെക്രട്ടറിയുടെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം വന്നിരുന്നു. ഇത്തരക്കാർക്ക് പ്രതീക്ഷക്ക് വക നൽകുന്നതായിരുന്നു വ്യോമയാന സെക്രട്ടറിയുടെ പ്രഖ്യാപനം. എന്നാൽ ഈ പ്രതീക്ഷകൾക്ക് കരിനിഴൽ വീഴ്ത്തിക്കൊണ്ടാണ് ഒമിക്രോണിൻ്റെ രംഗപ്രവേശനം. അതേ സമയം, നാട്ടിലുള്ള പ്രവാസികൾക്കും ഈ ആശങ്കയുണ്ട്. പലരും ലീവ് റദ്ദാക്കി നേരത്തെ മടങ്ങി തുടങ്ങിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല