സ്വന്തം ലേഖകൻ: സൗദിയിൽ ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യക്കാർക്കും ലഭിക്കും. ഡിസംബർ ഒന്നിന് നേരിട്ട് വിമാനയാത്ര തുടങ്ങുന്നതിനാൽ ആനുകൂല്യം ലഭിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇന്ത്യയടക്കം 17 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ലഭിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റാണ് അറിയിച്ചത്.
ഇന്ത്യ, ബ്രസീൽ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കി, ലബനാൻ, ഈജിപ്ത്, എത്യോപ്യ, വിയറ്റ്നാം, അഫ്ഗാനിസ്താൻ, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്സ്വാന, ലിസോത്തോ, ഈസ്വതിനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക. ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് പിൻവലിച്ചതായി സൗദി അറേബ്യ അറിയിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ കൂടി ആനുകൂല്യം ലഭിക്കും.
യാത്രാ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിലെത്താൻ സാധിക്കാത്തവരുടെ ഇഖാമയുടെയും റീ എൻട്രിയുടെയും കാലാവധി രാജാവിന്റെ നിർദേശപ്രകാരം ദീർഘിപ്പിച്ചു നൽകുമെന്ന് ഇന്നലെയാണ് ജവാസാത്ത് അറിയിച്ചത്. എന്നാൽ ഇതെത്ര ദിവസം കൊണ്ട് പൂർത്തിയാകും എന്നത് വ്യക്തമല്ല. ഇതിനാൽ പെട്ടെന്ന് വരാനാഗ്രഹിക്കുന്നവർ സ്പോൺസറുമായി ബന്ധപ്പെട്ട് റീ എൻട്രി നീട്ടുന്നതാകും ഉചിതം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല