1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 1, 2021

സ്വന്തം ലേഖകൻ: ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സ്വകാര്യ പരിശോധനാ ലാബുകളിലൊന്നായ സയൻസിൽ പതിവ് കൊറോണ സാമ്പിൾ പരിശോധനയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സയൻസ് മേധാവിയായ റാക്വൽ വിയാന. എട്ട് കൊറോണ വൈറസ് സാമ്പിളുകളുടെ ജീനുകളായിരുന്നു ആ സമയത്ത് അവർക്ക് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ സാമ്പിളുകളിൽ കണ്ട കാഴ്ച അവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. ലാൻസെറ്റ് ലബോറട്ടറിയിൽ പരിശോധിച്ച ഈ സാമ്പിളുകളെല്ലാം തന്നെ വലിയ രീതിയിൽ പരിവർത്തനം സംഭവിച്ചവയായിരുന്നു.

വൈറസ് മനുഷ്യ കോശങ്ങളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീനുകളിലും വലിയ രീതിയിൽ മാറ്റങ്ങൾ സംഭവിച്ചിരിക്കുകയാണ്. വൈറസിന്റെ ഘടനയിൽ സംഭവിച്ച മാറ്റം തന്നേ സ്തബ്ധയാക്കി കളഞ്ഞുവെന്നാണ് റാക്വൽ പറയുന്നത്. തന്റെ പരിശോധനയിൽ എന്തോ കുഴപ്പം വന്നുവെന്നാണ് ആദ്യം കരുതിയത്. എന്നാൽ അങ്ങിനെയല്ലെന്ന് പിന്നീട് മനസിലായി. വൈറസിലുണ്ടായ മാറ്റങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോവുകയാണെന്ന ചിന്ത മനസിലേക്ക് വന്നുവെന്നും റാക്വൽ പറയുന്നു.

ഉടനെ തന്നെ റാക്വൽ ഫോണെടുത്ത് ജൊഹന്നാസ്ബർഗിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസിലെ സഹപ്രവർത്തകനും, ജീൻ സീക്വൻസറുമായ ഡാനിയേൽ അമോക്കോയെ ഫോൺ ചെയ്തു. എന്നാൽ അദ്ദേഹത്തോട് കാര്യം എങ്ങനെ അവതരിപ്പിക്കണം എന്ന് പോലും അറിയാത്ത രീതിയിൽ റാക്വൽ ഭയപ്പെട്ടുപോയിരുന്നു. കാരണം കൊറോണയുടെ പുതിയൊരു വകഭേദമാണ് ഉണ്ടായിരിക്കുന്നത് റാക്വൽ പറയുന്നു. റാക്വലിന്റെ ഭയം ശരി വയ്‌ക്കുന്ന രീതിയിലായിരുന്നു പീന്നീട് നടന്ന കാര്യങ്ങൾ.

കൊറോണയുടെ ഒമിക്രോൺ വകഭേദം ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. വാക്‌സിനേഷൻ എടുത്തവരെ പോലും ഒമിക്രോൺ അതിവേഗം ബാധിച്ചു. ആഫ്രിക്കയിൽ ധാരാളം ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ലോകരാജ്യങ്ങൾ അവരുടെ അതിർത്തികൾ അടച്ചു. പക്ഷേ അപ്പൊഴേക്കും ഒമിക്രോൺ കൂടുതൽ ദേശങ്ങളിലേക്ക് എത്തിയിരുന്നു. റാക്വിലിന്റെ മുന്നിലെത്തിയ എട്ട് സാമ്പിളുകളിലും കണ്ടത് കൊറോണയുടെ വകഭേദം വന്ന രൂപമായിരുന്നു. ആദ്യഘട്ടത്തിൽ റാക്വലിന്റെ സഹപ്രവർത്തകർ പോലും ഇത് വിശ്വസിച്ചിരുന്നില്ല. റാക്വിലിന് പറ്റിയ തെറ്റാണെന്നാണ് അവരെല്ലാം കരുതിയത്.

എന്നാൽ കാര്യം ബോധ്യപ്പെട്ടപ്പോൾ എല്ലാവർക്കും അമ്പരപ്പായിരുന്നു. എട്ട് സാമ്പിളുകളും വകഭേദം വന്ന രൂപമായിരുന്നു എന്നതാണ് ആശങ്കപ്പെടുത്തിയ മറ്റൊരു വസ്തുത. കാരണം ഒമിക്രോൺ ഇപ്പോൾ തന്നെ പടർന്നുവെന്നതിന്റെ സൂചനയായിരുന്നു അത്. കൊറോണ സാമ്പിളുകളിൽ സംഭവിക്കുന്ന മാറ്റത്തെ കുറിച്ച് ഈ മാസം ആദ്യം തന്നെ റാക്വിലിന്റെ ഒരു സഹപ്രവർത്തകൻ സൂചന നൽകിയിരുന്നു. ആൽഫയോട് സാദൃശ്യമുള്ള രീതിയിലായിരുന്നു അത്.

എന്നാൽ ഒാഗസ്റ്റ് മുതൽ ആൽഫ വകഭേദം ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. നവംബർ 23ന് 32 പേരുടെ സാമ്പിളുകൾ പരിശോധിച്ചതോടെയാണ് ഇതിന് തീരുമാനമായത്. ജോഹന്നാസ്ബർഗിലും പ്രിട്ടോറിയയിലും താമസിക്കുന്നവരുടെ സാമ്പിളുകളായിരുന്നു ഇത്. ഭയപ്പെടുത്തുന്നതായിരുന്നു ആ ഫലമെന്ന് ഡാനിയേൽ അമോക്കോ പറഞ്ഞു. ആശങ്കയുടെ വൈറസ് രൂപം പടർന്നു കഴിഞ്ഞുവെന്ന് അതോടെ തെളിഞ്ഞുവെന്നും അമോക്കോ പറയുന്നു.

അതേ ദിവസം തന്നെ എൻ.ഐ.സി.ഡി അംഗങ്ങൾ ഈ വിവരം ആരോഗ്യ വകുപ്പിനേയും രാജ്യത്തുള്ള എല്ലാ ലാബുകളേയും അറിയിച്ചു. ഇതോടെ സമാന പരിശോധനാ ഫലവുമായി കൂടുതൽ ആളുകൾ എത്താൻ തുടങ്ങി. ബോട്‌സ്വാനയിലും ഹോങ്‌കോങ്ങിലും എല്ലാം ഒരേ ജീൻ സീക്വൻസ് ഉള്ള കേസുകൾ റിപ്പോർട്ട് ചെയ്തതായി കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയെന്ന് മനസിലായതോടെ നവംബർ 24ന് എൻ.ഐ.സി.ഡി അധികാരികളും ആരോഗ്യവകുപ്പും ചേർന്ന് ഈ വിവരം ലോകാരോഗ്യ സംഘടനയെ അറിയിച്ചു.

പ്രിട്ടോറിയയും ജൊഹന്നാസ്ബർഗും ഉൾപ്പെടുന്ന ആഫ്രിക്കൻ പ്രവിശ്യയിലെ മൂന്നിൽ രണ്ട് കേസുകളും ഒമിക്രോൺ എന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രതിദിന വൈറ്‌സ ബാധ നിരക്ക് 10,000ത്തിൽ നിന്നും ഈ ആഴ്ചയോടെ നാലിരട്ടിയായി ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കാരണം അതിവേഗത്തിലാണ് ഇത് പടരുന്നത്.

വാക്‌സിനുകൾക്ക് പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ കഴിയുമോ, ഇതിന്റെ ലക്ഷണങ്ങൾ എത്രത്തോളം ഗുരുതരമായിരിക്കും, മുൻ വകഭേദങ്ങളിൽ നിന്ന് ഒമിക്രോൺ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, ഏത് പ്രായത്തിലുള്ളവരെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനി ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. മൂന്ന് മുതൽ നാല് ആഴ്ച വരെ ഇതിനെടുക്കുമെന്നാണ് പറയുന്നത്. രോഗം വ്യാപിച്ചതോടെ വാക്‌സിനേഷൻ പ്രക്രിയയും രാജ്യത്ത് വേഗത്തിലാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.