സ്വന്തം ലേഖകൻ: സാമൂഹ്യ മാദ്ധ്യമങ്ങളുടെ ലോകത്ത് വികാരങ്ങൾ പ്രതിഫലിപ്പിക്കാൻ ആശ്രയിക്കുന്ന പ്രധാനമാർഗ്ഗമായി ഇമോജികൾ മാറികഴിഞ്ഞു. മഞ്ഞ വൃത്തത്തിനുള്ളിൽ വിവിധ ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇമോജികൾ ഇല്ലാതെ സംഭാഷണങ്ങൾ പൂർണമാവാത്ത അവസ്ഥയിലെത്തിയിരിക്കുന്നു.
ഇപ്പോഴിതാ 2021 ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച ഇമോജികളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് യൂണിക്കോഡ് കൺസോർഷ്യം. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് ‘ടിയേഴ്സ് ഓഫ് ജോയ്’ എന്ന ഇമോജിയാണ്. അതായത്, ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം വരുന്ന ഇമോജി. മറ്റ് ഇമോജികളെക്കാൾ അഞ്ച് ശതമാനം പോയന്റ് കൂടുതലാണ് ഈ ‘ടിയേഴ്സ് ഓഫ് ജോയ്’ എന്ന ഇമോജിയ്‌ക്ക്.
പട്ടികയിൽ രണ്ടാം സ്ഥാനം ‘ഹൃദയ’ ചിഹ്നത്തിനാണ്. ഇതിന് പിന്നാലെ, തംപ്‌സ് അപ്, കരച്ചിൽ, കൂപ്പുകൈ, കണ്ണിൽ ലൗ ചിഹ്നം, ചിരി എന്നിവയാണ് പട്ടികയിൽ ഇടം നേടിയ മറ്റ് ഇമോജികൾ. 2019 ലേതിൽ നിന്നും വലിയ മാറ്റങ്ങളൊന്നും പട്ടികയിൽ ഉണ്ടായിട്ടില്ലെന്ന് സമൂഹമാദ്ധ്യമ ഉപയോക്താക്കൾ പറയുന്നു. ആകെ 3,663 ഇമോജികളിൽ നിന്ന് ആദ്യ 100 ഇമോജികളാണ് ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.
ഇതിന് പുറമെ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഇമോജി വിഭാഗവും യൂണിക്കോഡ് കൺസോർഷ്യം പുറത്തുവിട്ടു. സ്മൈലീസ് ആന്റ് ഇമോഷൻസ്, പീപ്പിൾ ആന്റ് ബോഡ്, ആക്ടിവിറ്റീസ്, ഫൽഗ്സ് എന്നിങ്ങനെയാണ് ഇമോജികളെ തരം തിരിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഫേസ്-സ്മൈലിംഗ്, ഹാൻഡ് ഇമോജികളാണ്. അനിമൽസ് ആന്റ് നേച്ചർ വിഭാഗത്തേക്കാൾ ഉപയോഗത്തിൽ മുന്നിട്ട് നിൽക്കുന്നത് പ്ലാന്റ്സ് ആന്റ് ഫ്‌ളവേഴ്സ് ആണ്.
എന്നാൽ ഏറ്റവും അധികമുള്ള ഫ്‌ളാഗ് ഇമോജികളാണ്(പതാകകൾ) ഏറ്റവും കുറവ് ഉപയോഗിക്കപ്പെടുന്നത്. അതേസമയം, സസ്യങ്ങളുടെയും പൂക്കളുടെയും ഇമോജികളും വളരെ പതിവായി ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. സസ്യ പുഷ്പ വിഭാഗത്തിൽ ‘പൂച്ചെണ്ട്’ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ വിഭാഗത്തിൽ ‘ബട്ടർഫ്‌ലൈ’ ആണ് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല