1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2021

സ്വന്തം ലേഖകൻ: നാസയുടെ ബഹിരാകാശ സഞ്ചാരിയാകാൻ ഇന്ത്യൻ വംശജനും. ചൊവ്വയിലേക്ക് ആളുകളെ അയക്കാനുള്ള പദ്ധതികൾ പുരോഗമിക്കുന്നതിനിടെയാണ് ഡോ. അനിൽ മേനോനെ ഉൾപ്പെടുത്തി പുതിയ ബഹിരാകാശ സഞ്ചാരികളുടെ പേരുവിവരങ്ങൾ നാസ പുറത്തുവിട്ടത്. ചന്ദ്രനിലേക്ക് മനുഷ്യനെ വീണ്ടും അയക്കുന്നതിനൊപ്പം ചൊവ്വയിലേക്ക് ആളെ അയക്കാനുമുള്ള ദൗത്യങ്ങളുടെ ഭാഗമായിട്ടാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെ പത്ത് പേരാണ് പട്ടികയിൽ ഇടം നേടിയത്. ഇതിന് മുമ്പ് നാസ ബഹിരാകാശയാത്രികരെ തെരഞ്ഞെടുത്തത് 2017 ലായിരുന്നു.

പുതിയ ദൗത്യങ്ങളിൽ പങ്കാളികളാകാനുള്ളവരെയാണ് നാസ കണ്ടെത്തിയിരിക്കുന്നത്. ബഹിരാകാശ ദൗത്യങ്ങൾക്ക് മുൻപായുള്ള പരിശീലന പരിപാടികൾക്കായിട്ടാണ് അനിൽ മേനോൻ ഉൾപ്പെടെയുള്ള പത്ത് പേരെ തെരഞ്ഞെടുത്തത്. നാല് സ്ത്രീകളും ആറ് പുരുഷന്മാരുടെയും പേരുകൾ നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസനാണ് പുറത്തുവിട്ടത്. യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്നുള്ള രണ്ട് ബഹിരാകാശ സഞ്ചാരികൾ ഇവർക്കൊപ്പം പരിശീലനം നടത്തും.

12,00 അപേക്ഷകളിൽ നിന്നാണ് 10 പേരെ തെരഞ്ഞെടുത്തതെന്നും അധികൃതർ വ്യക്തമാക്കി. അനിൽ മേനോൻ, നിക്കോൾ അയേഴ്സ്, മാർക്കോസ് ബെറിയോസ്, ക്രിസ്റ്റീന ബിർച്ച് , ഡെനിസ് ബേൺഹാം, ലൂക്ക് ഡെലാനി, ആന്ദ്രെ ഡഗ്ലസ്, ജാക്ക് ഹാത്‌വേ, ക്രിസ്റ്റഫർ വില്യംസ്, ജെസീക്ക വിറ്റ്നർ എന്നിവരാണ് നാസയുടെ അടുത്ത ദൗത്യങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ടത്. ബഹിരാകാശ നിലയത്തിലെ ഗവേഷണം മുതൽ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ മാസങ്ങൾ നീണ്ട് നിൽക്കുന്ന പരിശീലനമാണ് ഇവർക്ക് നൽകുക.

യുഎസ് എയർഫോഴ്‌സിലെ ലെഫ്റ്റനന്റ് കേണലായ 45 കാരനായ അനിൽ മേനോൻ്റെ പിതാവ് ഇന്ത്യൻ വംശജനും അമ്മ യുക്രൈൻ സ്വദേശിനിയുമാണ്. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ വിവിധ പര്യവേഷണങ്ങളിൽ ക്രൂ ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ചതിൻ്റെ പരിചയമുണ്ട് അദ്ദേഹത്തിന്. 2010ൽ ഹെയ്തിയിൽ ഉണ്ടായ ഭൂകമ്പത്തിനിടെയും 2015ൽ നേപ്പാളിൽ നടന്ന ഭൂകമ്പത്തിനിടെയും പ്രവർത്തിച്ച പരിചയം ഫിസിഷ്യൻ കൂടിയായ അനിൽ മേനോനുണ്ട്. 2011 ലെ റെനോ എയർ ഷോ അപകടത്തിലും അദ്ദേഹം ആദ്യമെത്തി ഇടപെടൽ നടത്തി.

ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ 1999ൽ ന്യൂറോബയോളജിയിൽ ബിരുദവും 2004ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയ അനിൽ മേനോൻ 2009ൽ സ്റ്റാൻഫോർഡ് മെഡിക്കൽ സ്കൂളിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം കരസ്ഥമാക്കി. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് പോളിയോ വാക്സിനേഷൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഗവേഷണം നടത്താൻ ഇന്ത്യയിലെത്തിയിരുന്നു. കാലിഫോർണിയ എയർ നാഷണൽ ഗാർഡിൽ ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു.

ഓപ്പറേഷൻ എൻഡ്യൂറിംഗ് ഫ്രീഡത്തിൻ്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് നിയോഗിക്കപ്പെട്ടതിനെ തുടർന്ന് ഹിമാലയൻ റെസ്ക്യൂ അസോസിയേഷനിൽ അനിൽ മേനോൻ പ്രവർത്തിച്ചു. പിന്നീട് 173-ആം ഫൈറ്റർ വിംഗിലേക്ക് മിലിട്ടറിയിലേക്ക് മാറി. ഫ്ലൈറ്റ് ഇൻസ്ട്രക്ടറായി പ്രവർത്തിച്ച അദ്ദേഹം 1,000 മണിക്കൂറിലധികം ചെറുവിമാനം പറത്തുകയും ചെയ്തിട്ടുണ്ട്. സ്‌പേസ് എക്‌സിലെ ജീവനക്കാരിയായ അന്നയാണ് ഭാര്യ. അതേസമയം, തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരെയും ദൗത്യങ്ങൾക്ക് നിയോഗിക്കുമോ എന്ന് നാസ വ്യക്തമാക്കിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.