സ്വന്തം ലേഖകൻ: ഒരു സൂം കോളിൽ 900 ജീവനക്കാരെ ഒറ്റയടിക്കു കമ്പനിയിൽനിന്നു പുറത്താക്കി ബെറ്റർ.കോം സിഇഒ വിശാൽ ഗാർഗ്. കഴിഞ്ഞ ബുധനാഴ്ചയാണു സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ടത്. ജീവനക്കാരുടെ പ്രകടനം, ഉൽപാദന ക്ഷമത എന്നിവ വിലയിരുത്തിയായിരുന്നു തീരുമാനം. ‘ഈ കോളിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് എങ്കിൽ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ഇഷ്ടപ്പെടില്ല. നിങ്ങളെ പിരിച്ചുവിടുകയാണ്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും’ എന്നായിരുന്നു വിശാൽ പറഞ്ഞത്. പണി പോകുന്ന കാര്യമായതിനാൽ വാർത്ത യുഎസിൽനിന്നു ലോകമാകെ പടർന്നു.
ബെറ്റർ.കോം കമ്പനിയുടെ 9 ശതമാനം ജീവനക്കാർക്കാണ് ഒറ്റദിവസം കൊണ്ടു ജോലി നഷ്ടമായത്. ഒരു ജീവനക്കാരൻ സൂം കോൾ റെക്കോർഡ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണു വിശാലിന്റെ ‘ശരിയായ മുഖം’ പരസ്യമായത്. മൂന്നു മിനിറ്റ് മാത്രം ദൈർഘ്യമുള്ള സൂം കോളിലാണ് ഇത്രയധികം മനുഷ്യരും അവരുടെ കുടുംബങ്ങളും പെരുവഴിയിലായത്. മൂന്നു മിനിറ്റിന് വിശാലിന്റെ കമ്പനിയിൽ പ്രാധാന്യമേറെയാണ്.
“കരിയറിൽ രണ്ടാം തവണയാണ് ഞാനിങ്ങനെ ചെയ്യുന്നത്. കഴിഞ്ഞ തവണ കരഞ്ഞു. ഇത്തവണ കൂടുതൽ കരുത്തോടെയിരിക്കാൻ ശ്രമിക്കും,“ വിശാലിന്റെ വാക്കുകൾ.
കൈകൾ പിണച്ചു മാറോട് ചേർത്ത്, അകത്ത് വെളുത്ത ഷർട്ടും പുറത്ത് കറുത്ത ടീ ഷർട്ടുമിട്ട്, നിറഞ്ഞു ചിരിക്കുന്ന ചെറുപ്പക്കാരൻ. ഇതാണു പ്രമുഖ ഓൺലൈൻ സർവീസ് പ്രൊവൈഡർ കമ്പനിയായ ലിങ്ക്ഡ് ഇന്നിൽ വിശാൽ ഗാർഗ് തന്റെ പ്രൊഫൈൽ ചിത്രമായി നൽകിയിരിക്കുന്നത്. ന്യൂയോർക്ക് ആസ്ഥാനമായ ഡിജിറ്റൽ ഹോം ഓണർഷിപ്പ് കമ്പനി ബെറ്റർ.കോമിന്റെ ഫൗണ്ടറും സിഇഒയുമാണ് വിശാൽ. എല്ലാ അമേരിക്കക്കാർക്കും വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഉദാര വ്യവസ്ഥയിൽ, എളുപ്പത്തിൽ വീടിനുള്ള പണം ലഭ്യമാക്കുന്ന സംരംഭം.
10,000 പേർക്കാണു ബെറ്റർ.കോമിൽ തൊഴിൽ നൽകുന്നത്. അതിലെ 9 ശതമാനം പേരെയാണ് കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ പറഞ്ഞുവിട്ടത്. ഇന്ത്യയിലെയും യുഎസിലെയും ജീവനക്കാർക്കാണു തീരുമാനം ദോഷകരമാകുക എന്നാണു റിപ്പോർട്ടുകൾ. ഒരേയൊരു ഡിജിറ്റൽ ഹോം ഓണർഷിപ്പ് കമ്പനിയാണ് ബെറ്റർ.കോം എന്നാണ് വിശാലിന്റെ അവകാശവാദം. ലിങ്ക്ഡ് ഇൻ ബയോ പ്രകാരം, ഇൻവെസ്റ്റ്മെന്റ് ഹോൾഡിങ് കമ്പനിയായ വൺ സീറോ ക്യാപ്പിറ്റലിന്റെ സഹസ്ഥാപകനുമാണ് ഇദ്ദേഹം.
ഇന്ത്യക്കാരനായ വിശാൽ ഏഴാം വയസ്സിലാണു കുടുംബത്തോടൊപ്പം ന്യൂയോർക്കിലേക്കു താമസം മാറിയത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം ഫിനാൻസും ഇന്റർനാഷനൽ ബിസിനസും പഠിച്ചത്. 2000 ൽ സ്വന്തമായി വായ്പാ കമ്പനി രൂപീകരിച്ചിരുന്നു. ഹൈസ്കൂൾ സുഹൃത്തായ റാസാ ഖാനുമായി ചേർന്നാണ് ‘മൈ റിച്ച് അങ്കിൾ’ (MyRichUncle) എന്ന സ്വകാര്യ വിദ്യാർഥി വായ്പാ കമ്പനി ആരംഭിച്ചത്. കമ്പനി പബ്ലിക് ആയതിനു പിന്നാലെ വിശാൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്ന് ഡ്രോപ് ഔട്ടായി.
മൈ റിച്ച് അങ്കിളിനെ ധനകാര്യ സ്ഥാപനമായ മെറിൽ ലിഞ്ച് ഏറ്റെടുത്തു. പിന്നീട് ബാങ്ക് ഓഫ് അമേരിക്കയായി ഉടമ. പക്ഷേ രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും കമ്പനി പാപ്പരായി. വിശാലും കൂട്ടുകാരൻ ഖാനും തളർന്നില്ല. അവർ മറ്റൊരു കമ്പനി തുടങ്ങി. മുൻപത്തേതു പോലെ കാര്യങ്ങൾ മുന്നോട്ടു പോയില്ല. പരസ്പരം മോഷണം ആരോപിച്ചു വിശാലും ഖാനും കേസുകൾ നൽകി. ഖാനുമായുള്ള നിയമയുദ്ധത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് ബെറ്റർ.കോം എന്ന കമ്പനിയുമായി വിശാൽ രംഗപ്രവേശം ചെയ്തത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല