![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Driving-License-Registration-Certificate-Digitization.jpg)
സ്വന്തം ലേഖകൻ: ലൈസന്‍സ് സ്വന്തമാക്കാന്‍ ആവശ്യമായ യോഗ്യതകള്‍ ഇല്ലാത്ത പ്രവാസികളില്‍ നിന്ന് ലൈസന്‍സുകള്‍ തിരിച്ചുപിടിക്കാന് കുവൈത്തില്‍ തീരുമാനം. രാജ്യത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ ശെയ്ഖ് ഫൈസല്‍ അല്‍ നവാഫ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അയോഗ്യരായവരുടെ ലൈസന്‍സുകള്‍ കണ്ടെത്തി റദ്ദാക്കുന്നതിന്റെ ഭാഗമായി പ്രവാസികളുടെ ലൈസന്‍സുകള്‍ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ശമ്പളം, ജോലി, വിദ്യാഭ്യാസ യോഗ്യത തുടങ്ങി പ്രവാസികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭ അംഗീകരിച്ച വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിബന്ധനകള്‍ പാലിക്കാത്തതായി കണ്ടെത്തുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍ റദ്ദാക്കുകയും തിരികെ വാങ്ങുകയും ചെയ്യാനാണ് തീരുമാനം.
ലൈസന്‍സ് എടുക്കുമ്പോള്‍ ഉണ്ടായിരുന്ന ജോലിയില്‍ നിന്ന് അര്‍ഹതയില്ലാത്ത മറ്റൊരു ജോലിയിലേക്ക് മാറിയാല്‍ അത്തരക്കാര്‍ ലൈസന്‍സ് കൈവശം വയ്ക്കാന്‍ അയോഗ്യതയില്ലെന്നാണ് നിയമം. ഉദാഹരണമായി സര്‍വകലാശാല ബിരുദവും 600 ദിനാര്‍ ശമ്പളവുമുള്ള ഒരു അക്കൗണ്ടന്റിന് ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സ്, അദ്ദേഹം 400 ദിനാര്‍ ശമ്പളമുള്ള ഒരു ജോലിയിലേക്ക് മാറുന്നതോടെ തിരികെ ഏല്‍പ്പിക്കണമെന്നാണ് വ്യവസ്ഥയെന്ന് അധികൃതര്‍ അറിയിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്നവര്‍ക്കും അവരുടെ തൊഴിലിന്റെ അടിസ്ഥാനത്തിലാണ് വിസ അനുവദിക്കുന്നത്. എന്നാല്‍ ഡ്രൈവര്‍ ജോലിയില്‍ നിന്ന് മറ്റു ജോലികളിലേക്ക മാറുന്നതോടെ അവര്‍ക്കും ലൈസന്‍സിനുള്ള യോഗ്യ നഷ്ടമാവുമെന്നും അല്‍ അന്‍ബാ പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈ രീതിയില്‍ യോഗ്യത നഷ്ടമായവര്‍ നേരത്തേ ലഭിച്ച ലൈസന്‍സുകള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. ആ ലൈസന്‍സുകളുടെ കാലാവധി അവസാനിച്ചിട്ടില്ലെങ്കില്‍ പോലും അവ ഉപയോഗിച്ച് വാഹനമോടിക്കാന്‍ പാടില്ല. എന്നാല്‍ ഇങ്ങനെ ലക്ഷക്കണക്കിന് പ്രവാസികള്‍ നിയമവിരുദ്ധമായി ലൈസന്‍സ് ഉപയോഗിക്കുന്നുണ്ടെന്ന് ട്രാഫിക് വിഭാഗം നേരത്തേ കണ്ടെത്തിയിരുന്നു. ഇവ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ രാജ്യത്തെ റോഡുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനും ഗതാഗതക്കുരുക്ക് പരിഹരിക്കാനും സാധിക്കുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, 2013ന് മുമ്പ് അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കില്ല. തൊഴിലിന്റെയും ശമ്പളത്തിന്റെയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന നിയമം നിലവില്‍ വന്നത് 2013ലാണ് എന്നതാണ് ഇതിനു കാരണം. അവരുടെ ലൈസന്‍സുകള്‍ ജോലി മാറിയതു കൊണ്ടോ ശമ്പളത്തിലെ മാറ്റം കൊണ്ടോ റദ്ദാവില്ലെന്നും അധികൃതര്‍ അറിയിച്ചു. പുതുതായി പ്രവാസികള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനെ കുറിച്ചും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം ചര്‍ച്ച ചെയ്തു.
അയോഗ്യയരായവരുടെ ലൈസന്‍സ് ഒറ്റയടിക്ക് റദ്ദാക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ അവരുടെ ലൈസന്‍സുകള്‍ പുതുക്കണം. അതിന് സമയ പരിധി നല്‍കും. ലൈസന്‍സുകള്‍ പുതുക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ലൈസന്‍സാവും നല്‍കുക. നിശ്ചിത സമയ പരിധിക്കകത്ത് പുതുക്കാത്തവരുടെ ലൈസന്‍സുകള്‍ റദ്ദാക്കും. പുതുക്കുന്നതിന് അനുവദിച്ച കാലാവധി അവസാനിക്കുന്നതോടെ പഴയ ലൈസന്‍സുകള്‍ റദ്ദാക്കാനാണ് നടപടി. പുതിയ സ്മാര്‍ട്ട് ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഇതോടെ വാഹനമോടിക്കാന്‍ കഴിയാത്ത സ്ഥിതി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല