സ്വന്തം ലേഖകൻ: യു.എ.ഇയിലെ പുതിയ വാരാന്ത്യ അവധി സ്വകാര്യ സ്ഥാപനങ്ങൾ പിന്തുടരണമെന്ന് തൊഴിൽ മന്ത്രി അബ്ദുറഹ്‍മാൻ അബ്ദുൽ മന്നാൻ. കൂടുതൽ അവധിയുടെ പ്രയോജനം സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും കുടുംബത്തിനും ലഭിക്കണമെന്നും തൊഴിൽ മന്ത്രി ആവശ്യപ്പെട്ടു. അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളും പുതിയ അവധി രീതിയിലേക്ക് മാറും. സ്‌കൂളുകൾക്ക് ശനി, ഞായർ പൂർണ അവധിയും, വെള്ളി ഭാഗിക അവധിയും നൽകാൻ എ.ഡി.ഇ.കെ തീരുമാനിച്ചു.
രാജ്യത്തിലെ ജനങ്ങളുടെ തൊഴില്‍ രംഗത്തും കുടുംബ ജീവിതത്തിലും കാതലായ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന തീരുമാനമാണ് അവധി ദിനങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയതിലൂടെ അധികൃതര്‍ ചെയ്തതെന്നാണ് പൊതു വിലയിരുത്തല്‍. പുതിയ തൊഴില്‍ ദിന മാറ്റത്തിലൂടെ ലോകത്തെ ഏറ്റവും കുറവ് പ്രവൃത്തി സമയമുള്ള രാജ്യമായി യുഎഇ മാറിക്കഴിഞ്ഞു.
വെള്ളിയാഴ്ചയിലെ നിലവിലെ അവധി ശനിയാഴ്ചയിലേക്ക് മാറ്റുകയും വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം അവധി നല്‍കുകയും ചെയ്തതോടെ നാലര ദിവസം മാത്രമായി ആഴ്ചയിലെ പ്രവൃത്തി ദിനങ്ങള്‍ ചുരുങ്ങി. ലോകത്തെവിടെയും അഞ്ചു ദിവസമാണ് ചുരുങ്ങിയ പ്രവൃത്തി ദിനം. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും ഓഫീസ് സമയം. ഉച്ചയ്ക്കു ശേഷം മുതല്‍ രണ്ടര ദിവസം അവധിയായിരിക്കും. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് പ്രവൃത്തി സമയം.
ഇതാദ്യമായല്ല യുഎഇ പ്രവൃത്തി ദിവസങ്ങളില്‍ മാറ്റം വരുത്തുന്നത്. അവസാനമായി 15 വര്‍ഷത്തിനു മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധി ദിനങ്ങളില്‍ മാറ്റം വരുത്തി ഇന്ന് നിലവിലുള്ള രീതിയിലേക്ക് ആക്കിയത്. രാജ്യം നിലവില്‍ വന്ന 2071 മുതല്‍ 1999 വരെ വെള്ളിയാഴ്ചയായിരുന്നു ഔദ്യോഗിക അവധി ദിനം. എന്നാല്‍ 1999ല്‍ വെള്ളിയാഴ്ചയോടൊപ്പം വ്യാഴാഴ്ചയും അവധി ദിനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുകയായിരുന്നു.
2006ലാണ് ഇതില്‍ വീണ്ടും മാറ്റം വരുത്തിയത്. ഇതു പ്രകാരം വ്യാഴാഴ്ച അവധി ദിനമെന്നത് മാറ്റി ശനിയാഴ്ച അവധി ദിനമാക്കി. നിലവില്‍ ഈ രീതിയാണ് യുഎഇയില്‍ തുടര്‍ന്നുവരുന്നത്. എന്നാല്‍ വെള്ളിയാഴ്ച ഉച്ച മുതല്‍ തുടങ്ങി ശനി, ഞായര്‍ വരെയുള്ള ദിവസങ്ങള്‍ അവധി ദിനമായി പ്രഖ്യാപിക്കാനുള്ള പുതിയ തീരുമാനം അടുത്ത വര്‍ഷം ജനുവരി ഒന്നു മുതലാണ് ആരംഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല