![](https://www.nrimalayalee.com/wp-content/uploads/2021/12/Gen-Bipin-Rawat-helicopter-crash.jpg)
സ്വന്തം ലേഖകൻ: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദർശനത്തിനുവച്ച മൃതദേഹങ്ങൾ ഉടൻ ഡൽഹിയിലേക്ക് കൊണ്ടുപോകും.
സുലൂരിലെ വ്യോമതാവളത്തിൽനിന്നാണ് ഡൽഹിയിലേക്ക് കൊണ്ടുപോകുക. വൈകിട്ട് ഡല്‍ഹിയിലും പൊതുദര്‍ശനമുണ്ടാകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മറ്റു സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ വെല്ലിങ്ടണിൽ വച്ച് അന്ത്യാഞ്ജലി അർപ്പിച്ചു. തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍.രവി, മറ്റു സൈനിക ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണാധികാരികള്‍ എന്നിവരും പങ്കെടുത്തു.
സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും സംസ്കാരം നാളെ ഡൽഹിയിൽ നടത്തും. മൃതദേഹങ്ങൾ ഇന്ന് ഡൽഹിയിലെത്തിക്കും. മറ്റു സൈനികരുടെ മൃതദേഹം വെല്ലിഗ്ടണ് മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദര്‍ശനത്തിനു ശേഷം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും.
ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, ഹവിൽദാർ സത്പാൽ, നായികുമാരായ ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായികുമാരായ വിവേക് കുമാർ, ബി.സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇവർ സഞ്ചരിച്ചിരുന്ന മി 17 വി 5 എന്ന ഹെലികോപ്റ്റർ ഇന്നലെ ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീഴുകയായിരുന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് തകർന്നുവീണത്. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല