![](https://www.nrimalayalee.com/wp-content/uploads/2021/10/Kuwait-Winter-Vaccination-Registration-.jpg)
സ്വന്തം ലേഖകൻ: കുവൈത്തിലും കോവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ വൈറസിന്റെ ആദ്യ പോസിറ്റീവ് കേസ് രാജ്യത്ത് സ്ഥിരീകരിച്ചതായാണ് അറിയിപ്പ്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനിലാണ് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഗള്‍ഫ് മേഖലയിലെ സൗദിയിലും യുഎഇയിലും ഒമിക്രോണ്‍ വകഭേദം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആരോഗ്യമന്ത്രാലയ വക്താവ് ഡോ അബ്ദുല്ല അല്‍ സനദ് ആണ് രാജ്യത്ത് ആദ്യ ഒമിക്രോണ്‍ കേസ് കണ്ടെത്തിയ കാര്യം സ്ഥിരീകരിച്ചത്. ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രക്കാരനില്‍ വിമാനത്താവളത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തുകയായിരുന്നു. ഒമിക്രോണ്‍ കണ്ടെത്തിയ യാത്രക്കാരന്‍ നേരത്തെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരുന്നുതായും അദ്ദേഹം അറിയിച്ചു. രോഗം സ്ഥിരീകരിച്ച ഇദ്ദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലാണ് ഇപ്പോഴുള്ളതെന്നും ഡോ അബ്ദുള്ള അല്‍ സനദ് പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുവൈത്ത് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്തെ ആരോഗ്യസാഹചര്യത്തെ കുറിച്ച് ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം അറിയിച്ചു. ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ വാക്സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രാലയ വക്താവ് അഭ്യര്‍ഥിച്ചു. നിലവില്‍ രാജ്യത്ത് ലഭ്യമായ ഫൈസര്‍, ബയോണ്‍ടെക് ഉള്‍പ്പെടെയുള്ള വാക്സിനുകള്‍ കോവിഡിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ വച്ച് താരതമ്യേന കുറവാണ് കുവൈത്തിലെ കോവിഡ് മരണ നിരക്കെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2020 ഫെബ്രുവരി മാസത്തിലാണ് കുവൈത്തില്‍ ആദ്യമായി കോവിഡ് ബാധ കണ്ടെത്തിയത്. അതിനു ശേഷം 413,491 കോവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഇവരില്‍ 2,465 പേര്‍ മാത്രമാണ് മരണപ്പെട്ടത്. ആകെ കേസുകളുടെ 0.6 ശതമാനം മാത്രമാണിത്. സൗദിയില്‍ കോവിഡ് മരണ നിരക്ക് 1.6 ശതമാനവും ഒമാനില്‍ 1.3 ശതമാനവുമാണ്. അതേസമയം ഖത്തര്‍ (0.2) യുഎഇ (0.2), ബഹ്റൈന്‍ (0.5) എന്നീ രാജ്യങ്ങളിലെ കോവിഡ് മരണ നിരക്ക് കുവൈത്തിനേക്കാള്‍ കുറവാണ്.
അതിനിടെ കുവെെറ്റില്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയവും പ്രധാനമന്ത്രിയും ജനങ്ങളോട് വാക്സിന്‍ സ്വീകരിക്കാന്‍ അഭ്യർഥന നടത്തിയിരുന്നു. ഒമിക്രോൺ വൈറസ് വകഭേദം ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ ആണ് ബൂസ്റ്റര്‍ ഡോസ് എല്ലാവരും സ്വീകരിക്കാന്‍ തയ്യാറായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല