മുംബൈ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ നാലു ദിവസമായി നടത്തിവന്ന നിരാഹാര സമരം ഒത്തുതീര്‍പ്പിലായി. ആശുപത്രി മാനെജ്മെന്‍റുമായി എംപിമാരായ പി.ടി. തോമസും ജോസ് കെ. മാണിയും നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന 192 നഴ്സുമാരും രാജിവയ്ക്കും. രണ്ടു വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കെറ്റ് നല്‍കും. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ സര്‍ട്ടിഫിക്കെറ്റ് വിതരണം ചെയ്യും. സര്‍ട്ടിഫിക്കെറ്റ് തടഞ്ഞുവച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത മലയാളി നഴ്സ് ബീന ബേബിയുടെ കുടുംബത്തിനു കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാനും ധാരണയായി.
ബോണ്ടിനായി തടഞ്ഞുവച്ച നഴ്സുമാരുടെ സര്‍ട്ടിഫിക്കെറ്റുകള്‍ യാതൊരു നിബന്ധനയുമില്ലാതെ തിരിച്ചു നല്‍കും. നഴ്സിങ് സൂപ്രണ്ട് ഒപ്പിട്ട എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കെറ്റാണു ലഭിക്കുക. സമരം ചെയ്ത നഴ്സുമാര്‍ക്കു ജോലിയില്‍ തിരിച്ചു പ്രവേശിക്കാന്‍ മാനെജ്മെന്‍റ് അനുമതി നല്‍കിയിട്ടുണ്ട്. ജോലിയില്‍ പ്രവേശിക്കുന്ന കുട്ടികളെ മാനസിക പീഡനത്തിന് ഇരയാക്കില്ല. പുനഃപ്രവേശനത്തിനു തയാറാകാത്ത നഴ്സുമാര്‍ക്കു സര്‍ട്ടിഫിക്കെറ്റ് ലഭിച്ച ശേഷം പത്തു ദിവസം കൂടി സൗജന്യ താമസം ലഭ്യമാക്കും. അഞ്ചു സ്റ്റാഫ് അംഗങ്ങള്‍ക്കു പ്രാതിനിധ്യമുള്ള പ്രശ്ന പരിഹാര സെല്‍ രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനിച്ചു.
നവംബറില്‍ ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ നഴ്സുമാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുമെന്നു പി.ടി. തോമസ് എംപി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. നഴ്സുമാരുടെ സേവന- വേതന വ്യവസ്ഥകള്‍ സംബന്ധിച്ചു ദേശീയ തലത്തില്‍ നയം രൂപീകരിക്കണമെന്നു ജോസ് കെ. മാണി ആവശ്യപ്പെട്ടു. പാര്‍ലമെന്‍റ് നഴ്സിങ് കൗണ്‍സില്‍ അംഗമായ ആന്‍റോ ആന്‍റണി എംപിയുടെ നേതൃത്വത്തില്‍ ഇന്നലെ ആരംഭിച്ച ചര്‍ച്ചയാണു പ്രശ്നപരിഹാരത്തിനു വഴിതുറന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല