1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2021

സ്വന്തം ലേഖകൻ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ രാവത്തിനും ഭാര്യ മധുലികയ്‌ക്കും അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ. ഭൗതിക ദേഹം സംസ്‌കാരത്തിനായി ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്കെടുത്തു. അമർ രഹേ(മരണമില്ല) വിളികളുമായി അഭിവാദ്യം അർപ്പിച്ച് ജനങ്ങൾ വിലാപയാത്രയിൽ പങ്കുചേർന്നു.

സംസ്കാരം 4.45ന് ബ്രാർ സ്ക്വയറിൽ നടക്കും. എണ്ണൂറോളം സൈനികരാണു സംസ്കാര ചടങ്ങുകളുടെ ഭാഗമാകുക. ചടങ്ങുകള്‍ പ്രകാരം 17 ഗണ്‍ സല്യൂട്ട് നൽകിക്കൊണ്ടാണ് റാവത്തിന്റെ സംസ്കാരച്ചടങ്ങുകൾ. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാൻഡർമാർ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

ബിപിൻ റാവത്തിന്റെ വസതിലേയ്‌ക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധി മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും എത്തിയിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ജസ്റ്റിസ് എൻവി രമണ, ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരെത്തി. രാവിലെ 11മണിക്കാണ് പൊതുദർശനം ആരംഭിച്ചത്.

ധീരസൈനികന് അന്ത്യാഞ്ജലി അർപ്പിക്കാൻ കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കർ, നിർമ്മല സീതാരാമൻ, മൻസൂഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, കരസേനാ മേധാവി എംഎം നരവനെ, നേവി ചീഫ് അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി വി.ആർ ചൗധരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധമി, ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ഹരിഷ് സിംഗ് റാവത്ത്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരും എത്തിയിരുന്നു.

ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരിൽ സൈനിക വിമാനം തകർന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചു. മരിച്ചവരിൽ തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപും ഉൾപ്പെടുന്നു. പരുക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.

കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് ഹെലികോപ്റ്റർ തകർന്നുവീണത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17വി5 ഹെലികോപ്റ്റർ തകർന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.