![](https://www.nrimalayalee.com/wp-content/uploads/2021/12/Gen.-Bipin-Rawat-IAF-helicopter-crash-Tamil-Nadu-.jpg)
സ്വന്തം ലേഖകൻ: കൂനൂർ ഹെലികോപ്ടർ അപകടത്തിൽ സംയുക്ത സേനയുടെ അന്വേഷണം തുടരുന്നു. അപകടം നടന്ന സ്ഥലം സംഘം പരിശോധിച്ചു. തമിഴ്നാട് പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. ഹെലികോപ്റ്റർ അപകടം നടന്ന സ്ഥലത്ത് സംയുക്ത അന്വേഷണ സംഘം പരിശോധന നടത്തി. പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ രേഖരിച്ചു. വ്യോമസേന ശേഖരിച്ച ഡാറ്റാ റെക്കോർഡറിലെ നിർണായക വിവരങ്ങൾ ഉൾപ്പെടെ സംയുക്തസേന അന്വേഷണ സംഘത്തിന് കൈമാറും.
ഹെലികോപ്റ്റർ എങ്ങനെ തകർന്നു, അട്ടിമറികൾ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സംഘം അന്വേഷിക്കുന്നത്. ഊട്ടി എഡിഎസ്പി മുത്തു മാണിക്യത്തിന്റെ നേതൃത്വത്തിൽ തമിഴ്നാട് പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. അന്വേഷണ വിവരങ്ങൾ സംയുക്ത സേനയുടെ അന്വേഷണ സംഘത്തിന് കൈമാറുമെന്ന് തമിഴ്നാട് ഡി.ജി.പി സി. ശൈലേന്ദ്ര ബാബു അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് കരസേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
കൂനൂരിനടുത്ത് നഞ്ചപസത്രത്തിലാണ് സംയുക്ത സൈനികമേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. 14 പേരില്‍ 13 പേരും മരിച്ചു. ഒരാള്‍ പൊള്ളലേറ്റ് ചികിത്സയിലാണ്. കോപ്റ്ററിലുണ്ടായിരുന്ന ഹെലികോപ്റ്ററിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം അപകട സ്ഥലത്ത് തന്നെയുണ്ട്. ഡാറ്റാ റെക്കോർഡറും കോക്പിറ്റ് റെക്കോർഡറും ഇന്നലെ കണ്ടെത്തിയിരുന്നു. തോട്ടം തൊഴിലാളികളുടെ വീടുകൾക്ക് സമീപമാണ് അപകടമുണ്ടായത്.
അതിനിടെ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യോമ സേനയുടെ നിർദേശം .ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം അന്വേഷിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുകയും വസ്തുതകൾ പുറത്തുകൊണ്ടുവരുകയും ചെയ്യും.അതുവരെ മരിച്ചവരുടെ അന്തസ്സിനെ മാനിക്കാൻ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും സേനാ വൃത്തങ്ങൾ വ്യക്തമാക്കി.
സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്ത ‘ബ്ലാക്ബോക്സ്’ എന്ന ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം പരിശോധിക്കുകയാണ്.ഇന്നലെ ബംഗളൂരുവിലേക്ക് ഡാറ്റാ റെക്കോർഡർ കൊണ്ടുപോയിരുന്നു. ഹെലികോപ്റ്റർ അപകടം നടക്കുന്നതിന് തൊട്ട് മുൻപെടുത്ത ആകാശ ദൃശ്യം എന്ന രീതിയിൽ പ്രചരിക്കപ്പെട്ട വീഡിയോയും സംഘം പരിശോധിക്കുന്നുണ്ട്.വിനോദ സഞ്ചാരികൾ എടുത്ത ദൃശ്യങ്ങൾ ആണ് പരിശോധിക്കുന്നത്.വീഡിയോ എടുത്ത റെയിൽപാതയിലുംഅന്വേഷണ സംഘം പരിശോധന നടത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല