![](https://www.nrimalayalee.com/wp-content/uploads/2020/06/coronavirus-covid-19-lockdown-vande-bharat-Modi-Addressing-the-Nation.jpg)
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി ആദ്യം യുഎഇയും കുവൈത്തും സന്ദർശിക്കാൻ ഒരുങ്ങുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുവൈത്തിലുള്ള 10 ലക്ഷത്തോളം ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ഇന്ത്യയിൽ അനുഭവപ്പെട്ട മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിൽ പങ്കാളിയായ ആദ്യ രാജ്യമാണു കുവൈത്ത്.
കുവൈത്ത് സർക്കാരിന്റേത് ഉൾപ്പെടെ സഹായം അന്ന് ഇന്ത്യയിൽ എത്തി.ഇന്ത്യയും കുവൈത്തും തമ്മിൽ വളരെ ഊഷ്മളമായ ബന്ധവുമാണുള്ളത്. കുവൈത്ത് നൽകിയ സഹായങ്ങൾക്കു നന്ദിസൂചകമായി കൂടിയാകും സന്ദർശനം. വികസന കാര്യങ്ങളിലടക്കം പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രധാനമന്ത്രിയുടെ കുവൈത്ത് സന്ദർശനം അതീവ താൽപര്യത്തോടെയാണു കുവൈത്തിലെ ഇന്ത്യൻ സമൂഹം കാത്തിരിക്കുന്നതും.
ഇതിനു മുൻപു കുവൈത്ത് സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ്. 1981ലായിരുന്നു ഇന്ദിരയുടെ സന്ദർശനം. അതിനു മുൻപു 1965ൽ രാഷ്ട്രപതി ഡോ.സക്കീർ ഹുസൈനും കുവൈത്ത് സന്ദർശിച്ചിരുന്നു. കുവൈത്തിൽ നിന്നു ആദ്യമായി ഇന്ത്യ സന്ദർശിച്ച വിശിഷ്ട വ്യക്തി കിരീടാവകാശിയും പ്രധാനമന്ത്രിയുമായിരുന്ന ഷെയ്ഖ് സബാഹ് അൽ സാലെം അൽ സബാഹ് ആണ്. 1964ൽ ആയിരുന്നു സന്ദർശനം.
അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് 1980ലും 983ലും ഇന്ത്യ സന്ദർശിച്ചു.അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് 2006ൽ ഇന്ത്യയിൽ എത്തി. 2013ൽ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് ഇന്ത്യ സന്ദർശിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദിഷ്ട കുവൈത്ത് പര്യടനം ഇവിടെയുള്ള സാധാരണക്കാരായ ഇന്ത്യക്കാരും പ്രതീക്ഷയോടെയാണു കാണുന്നത്. കുറഞ്ഞ വേതനക്കാരുടെ ജീവിതം അടുത്തറിയാനും അത്തരക്കാർക്കുവേണ്ടി പുതിയ പദ്ധതികൾ പ്രഖ്യാപിക്കാനും പ്രധാനമന്ത്രി തയാറാകുമെന്നാണു പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല