![](https://www.nrimalayalee.com/wp-content/uploads/2021/12/Omicron-Karnataka-Doctor-Travel-History.jpg)
സ്വന്തം ലേഖകൻ: ഡൽഹിയിൽ വീണ്ടും ഒമിക്രോൺ ബാധ. സിംബാബ് വെയിൽ നിന്ന് എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഒമിക്രോൺ കേസാണിത്. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഈ ആഴ്ച ആദ്യമാണ് ഇയാൾ സിംബാബ് വെയിൽ നിന്ന് ഡൽഹിയിൽ എത്തിയത്. സാംപിൾ ശേഖരിച്ച് ജനിതക പരിശോധനയ്ക്ക് അയച്ചാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ അടുത്തിടെ സൗത്ത് ആഫ്രിക്കയിലും യാത്ര ചെയ്തിരുന്നതായി ഡൽഹി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
ഇയാളെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യുന്നവർക്കായി ഇവിടെ പ്രത്യേക വാർഡുകൾ സജ്ജമാക്കിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച 27 പേരുടെ സാംപിളുകൾ ജനിതക പരിശോധനയ്ക്ക് വിധേയമാക്കിയതിൽ 25 ഉം നെഗറ്റീവ് ആയിരുന്നു. രണ്ട് പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
പുതിയ കേസ് റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 33 ആയി ഉയർന്നു. ഇന്നലെ മഹാരാഷ്ട്രയിൽ ഏഴും ഗുജറാത്തിൽ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുംബൈ നഗരത്തിൽ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
റാലി, ഒത്തുചേരലുകൾ, ചടങ്ങുകൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും അധികൃതർ പറഞ്ഞു. മുംബൈ നഗരത്തിലേക്ക് സഞ്ചാരികളുമായി വാഹനങ്ങൾ വരുന്നതിനും നിയന്ത്രണമുണ്ട്. മൂന്നര വയസ്സുകാരി ഉൾപ്പെടെ ഏഴ് പുതിയ കേസുകളാണ് വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
17 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാജ്യത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. രാജ്യത്താകെ 33 ഒമിക്രോൺ ബാധിതരാണുള്ളത്. മുംബൈ നഗരത്തിലും ഒമിക്രോൺ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ തയ്യാറായത്.
മുംബൈയിൽ മാത്രം അഞ്ച് കേസുകളുണ്ട്. ടാൻസാനിയ, യുകെ, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും എത്തിയവരാണിവർ. മഹാരാഷ്ട്രയ്ക്ക് പുറമെ രാജസ്ഥാൻ, കർണാടക, ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല