1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2021

സ്വന്തം ലേഖകൻ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബഹ്‌റൈനിലും സ്ഥിരീകരിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരോഗ്യ മന്ത്രാലയം വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച്ചയാണ് രാജ്യത്ത് ഒമിക്രോണ്‍ വകഭേദത്തിന്റെ ആദ്യ കേസ് കണ്ടെത്തിയത്. വിദേശ രാജ്യത്ത് നിന്ന് യാത്ര കഴിഞ്ഞെത്തിയ ആള്‍ക്കാണ് രോഗം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍, ഏത് രാജ്യത്ത് നിന്നാണ് ഇയാള്‍ എത്തിയതെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇയാള്‍ ബഹ്റൈനില്‍ എത്തിയ ശേഷം ആരുമായും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിച്ച വ്യക്തിയെ ഐസൊലേഷനിലേക്ക് മാറ്റിയതായും ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തിലാണ് ഇദ്ദേഹമെന്നും അധികൃതര്‍ വ്യക്തമാക്കി.

നേരത്തേ ഗള്‍ഫ് നാടുകളില്‍ സൗദി അറേബ്യ, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങളില്‍ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഇതിനകം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു വന്നവരോ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തിയ ആഫ്രിക്കന്‍ വംശജരോ ആയിരുന്നു ഇവിടങ്ങളില്‍ ഒമിക്രോണ്‍ പോസിറ്റീവായത്. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉടന്‍ തന്നെ ഇവ പടര്‍ന്നുപിടിച്ച ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

പുതിയ സാഹചര്യത്തില്‍ എല്ലാവരും നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളെ ഓര്‍മിപ്പിച്ചു. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ക്വാറന്റൈന്‍ നടപടികള്‍ കൃത്യമായി പാലിക്കണം. പൊതു ഇടങ്ങള്‍ ഉള്‍പ്പെടെ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കുന്നതില്‍ എല്ലാവരും ജാഗ്രത പാലിക്കണം.

വാക്സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ അത് പൂര്‍ത്തിയാക്കാന്‍ മുന്നോട്ടുവരണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. നവംബര്‍ 24ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞനാണ് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. ഇതിനകം 57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് എത്തിയതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.