1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 17, 2021

സ്വന്തം ലേഖകൻ: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ–പുരുഷ സമത്വം തുടങ്ങിയവ ഉദ്ദേശിച്ചാണ് നടപടി. പാർലമെന്റിന്റെ നടപ്പു സമ്മേളനത്തിൽതന്നെ നിയമഭേദഗതി അവതരിപ്പിക്കാനാണ് ശ്രമമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഈ മാസം 23 വരെയാണ് നടപ്പു സമ്മേളനം.

പ്രായപരിധി ഉയർത്താൻ ബാല വിവാഹ നിരോധന നിയമത്തിലാവും പ്രധാന ഭേദഗതി വരുത്തുക. ഒപ്പം ചില വ്യക്തിനിയമങ്ങളിലും ഉചിതമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയേക്കും. സ്ത്രീകളുടെ വിവാഹപ്രായപരിധി പരിഷ്കരിക്കാനും സ്ത്രീശാക്തീകരണത്തിനും ജയ ജയ്റ്റ്ലി അധ്യക്ഷയായ കർമ സമിതി നൽകിയ ശുപാർശ പ്രകാരമാണ് തീരുമാനം.

നജ്മ അക്തർ, വസുധ കാമത്ത്, ദീപ്തി ഷാ, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ.പോൾ, ആരോഗ്യ, വനിതാ–ശിശു ക്ഷേമ മന്ത്രാലയങ്ങളുടെയും, ഉന്നത വിദ്യാഭ്യാസ, സ്കൂൾ വിദ്യാഭ്യാസ – സാക്ഷരത, നിയമ വകുപ്പുകളുടെയും സെക്രട്ടറിമാർ തുടങ്ങിയവരും ഉൾപ്പെട്ട സമിതിയെ 2020 ജൂണിലാണ് നിയോഗിച്ചത്.

ബ്രിട്ടിഷ് ഭരണകാലത്ത് 1929 സെപ്റ്റംബർ 28നു പാസാക്കിയ ബാല വിവാഹ നിയന്ത്രണ നിയമപ്രകാരം പെൺകുട്ടികൾക്കു 14 വയസ്സ്, ആൺകുട്ടികൾക്ക് 18 എന്നിങ്ങനെയായിരുന്നു വിവാഹപ്രായം. സെൻട്രൽ ലെജിസ്ലേറ്റിവ് അസംബ്ലിയിൽ ഇതിനു ബിൽ അവതരിപ്പിച്ച മുൻ ജ‍ഡ്ജി ഹർ ബിലാസ് ശാരദയുടെ പേരിലാണ് നിയമം അറിയപ്പെട്ടത്. 1978 ൽ ശാരദ നിയമം ഭേദഗതി ചെയ്തു: പെൺകുട്ടികൾക്ക് 18 വയസ്സ്, പുരുഷൻമാർക്ക് 21 എന്നിങ്ങനെയാക്കി. ശാരദ നിയമത്തിനു പകരമായി ബാല വിവാഹ നിരോധന നിയമം 2006 ൽ കൊണ്ടുവന്നെങ്കിലും പ്രായപരിധി മാറ്റിയില്ല.

സ്ത്രീകളുടെ വിവാഹപ്രായം വര്‍ധിപ്പിക്കുന്നതിന് ശിശു-സ്ത്രീ അവകാശ പ്രവര്‍ത്തകരും ജനസംഖ്യാ, കുടുംബാസൂത്രണ വിദഗ്ധരും അനുകൂലമായിരുന്നില്ല. ഇത്തരം നിയമനിര്‍മാണം ജനസംഖ്യയുടെ വലിയൊരു ഭാഗത്തെയും നിയമവിരുദ്ധ വിവാഹങ്ങളിലേക്ക് തള്ളിവിടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്തിയിട്ടു പോലും രാജ്യത്ത് ശൈശവവിവാഹങ്ങള്‍ തുടരുന്നതായും ഇത്തരം വിവാഹങ്ങള്‍ കുറയുന്നത് നിലവിലുള്ള നിയമം കൊണ്ടല്ലെന്നും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും തൊഴിലവസരങ്ങളും വര്‍ധിച്ചതിനാലാണെന്നും അവര്‍ വാദിക്കുന്നു.

നിയമം കര്‍ക്കശമായി മാറുമെന്നും പ്രത്യേകിച്ച്, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ പോലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവരെ നിയമലംഘകരാക്കിത്തീര്‍ക്കുമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.