![](https://www.nrimalayalee.com/wp-content/uploads/2020/12/Kuwait-Covid-Vaccination-Registration-Kuwait-Health-Minister.jpg)
സ്വന്തം ലേഖകൻ: കുവൈത്തിൽ കോവിഡ് കേസുകളിൽ നേരിയ വർധന. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്ത് പൗരന്മാരിൽ ആണ് കൂടുതൽ കോവിഡ് കേസുകൾ കണ്ടെത്തുന്നതെന്നു ആരോഗ്യമന്ത്രി ശൈഖ് ബാസിൽ അസ്വബാഹ് പറഞ്ഞു. കഴിഞ്ഞ ദിവസം അദാൻ ആശുപത്രി സന്ദർശിക്കവെ ആണ് ആരോഗ്യമന്ത്രി ഡോ ബാസിൽ അസ്വബാഹ് രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതായി അറിയിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തെ കോവിഡ് കേസുകളിൽ നേരിയ വർധനയുണ്ടെന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കുവൈത്തികളിലാണ് കൂടുതൽ കോവിഡ് കേസുകൾ കാണുന്നതെന്നും മന്ത്രി പറഞ്ഞു. അതെ സമയം ഒന്നിൽ കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നേരത്തെ രോഗം സ്ഥിരീകരിച്ച യൂറോപ്യൻ പൗരൻ ക്വാറന്റൈനില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ രാജ്യത്ത് കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമാണ്.
മേഖലയിലെയും ആഗോള തലത്തിലെയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ എല്ലാവരും കണിശത പാലിക്കണമെന്നും ഡോ. ബാസിൽ അസ്സബാഹ് അഭ്യർത്ഥിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദയും മന്ത്രിയെ അനുഗമിച്ചു. അദാൻ ആശുപത്രി വികസന പദ്ധതി സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി.
അതിനിടെ അധ്യാപകരോട് ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം. പുതിയ വൈറസ് വകഭേദത്തിൽനിന്ന് പ്രതിരോധം ലക്ഷ്യമാക്കിയാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. കുട്ടികളുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ പ്രധാനമാണെന്നും ഇപ്പോൾ തിരക്കില്ലാതെ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാൻ അവസരമുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാർക്ക് നേരത്തെ ആദ്യഘട്ട വാക്സിൻ നൽകിയിട്ടുള്ളതിനാൽ മിക്കവർക്കും ഇപ്പോൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്ന സമയപരിധി ആയിട്ടുണ്ട്. വൈറസ് വ്യാപനമുണ്ടായില്ലെങ്കിൽ അടുത്ത സെമസ്റ്റർ മുതൽ പൂർണ തോതിൽ സ്കൂളുകൾ പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല