1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ രണ്ട് പേര്‍ക്കും (17), (44), മലപ്പുറത്തെത്തിയ ഒരാള്‍ക്കും (37), തൃശൂര്‍ സ്വദേശിനിയ്ക്കുമാണ് (49) ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് എത്തിയ 17 വയസുകാരന്‍ യുകെയില്‍ നിന്നും 44കാരന്‍ ട്യുണീഷ്യയില്‍ നിന്നും മലപ്പുറം സ്വദേശി ടാന്‍സാനിയയില്‍ നിന്നും തൃശൂര്‍ സ്വദേശിനി കെനിയയില്‍ നിന്നുമാണ് എത്തിയത്.

തിരുവനന്തപുരത്തെ 17 വയസുകാരന്‍ ഡിസംബര്‍ ഒന്‍പതിന് അച്ഛനും അമ്മയും സഹോദരിയ്ക്കും ഒപ്പം യുകെയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതാണ്. ഇതോടൊപ്പം അമ്മൂമ്മയും സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരെല്ലാം ചികിത്സയിലാണ്. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വന്ന 44 കാരന്‍ ഡിസംബര്‍ 15 ന് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്ത് വന്നതാണ്. ഹൈ റിസ്‌ക് രാജ്യമല്ലാത്തതിനാല്‍ എയര്‍പോര്‍ട്ടില്‍ റാണ്‍ഡം പരിശോധന നടത്തിയ ശേഷം ഇദ്ദേഹത്തെ വിട്ടു. പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തി.

മലപ്പുറത്ത് ചികിത്സയിലുള്ളയാള്‍ ദക്ഷിണ കര്‍ണാടക സ്വദേശിയാണ്. ഡിസംബര്‍ 13 ന് കോഴിക്കോട് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ ഇദ്ദേഹം പോസിറ്റീവായതിനാല്‍ നേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തൃശൂര്‍ സ്വദേശിനി ഡിസംബര്‍ 11 ന് കെനിയയില്‍ നിന്നും ഷാര്‍ജയിലേക്കും അവിടെനിന്നും ഡിസംബര്‍ 12ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്കുമാണ് എത്തിയത്. കെനിയ ഹൈ റിസ്‌ക് രാജ്യത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവര്‍ക്ക് സ്വയം നിരീക്ഷണണാണ് അനുവദിച്ചത്. 13 ന് പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവായി. അമ്മ മാത്രമാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. അമ്മയും കോവിഡ് പോസിറ്റീവായി.

കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്ന് എറണാകുളത്തെത്തിയ ദമ്പതികള്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ആറ് പേരും ഭാര്യയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഒരാളുമാണ് ഉള്ളത്. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധമായും ക്വാറന്റൈനില്‍ തുടരണമെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.

ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 11 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഇവര്‍ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുകയോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളില്‍ സംബന്ധിക്കാനോ പാടില്ലെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.