1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2021

സ്വന്തം ലേഖകൻ: എസ്.ഡി.പി.ഐ, ബി.െജ.പി നേതാക്കളുടെ കൊലപാതകത്തിന് പിന്നാലെ ആലപ്പുഴ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യം നിലനിൽക്കുന്നതിനാലാണ് ജില്ല അധികൃതരുടെ നടപടി.

എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ആലപ്പുഴയിൽ ചേരും. ഐ.ജി ഹർഷിത അട്ടല്ലൂരിയോട് ആലപ്പുഴയിൽ എത്താൻ ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്. ക്രമസമാധാനപാലനവും കൊലപാതകങ്ങൾ സംബന്ധിച്ച അന്വേഷണത്തിനും ഐ.ജി നേതൃത്വം നൽകും.

അതേസമയം, സംസ്ഥാനത്ത് ജാഗ്രതാ നിർദേശവും പൊലീസ് പുറപ്പെടുവിച്ചു. സംഘർഷ സാധ്യതയുള്ളിടത്ത് കൂടുതൽ സേനയെ വിന്യസിക്കും. വാഹന പരിശോധന കർശനമാക്കും. കാറുകളും ഇരുചക്രവാഹനങ്ങളുമാണ് പ്രധാനമായും പരിശോധിക്കേണ്ടത്. ആലപ്പുഴ ജില്ലയുടെ പുറത്തേക്ക് സംഘർഷം വ്യാപിക്കാതിരിക്കാനും ആവശ്യമെങ്കിൽ റെയ്ഡ്, അറസ്റ്റ് അടക്കമുള്ള നടപടികൾ സ്വീകരിക്കാനും ഡി.ജി.പി നിർദേശം നൽകിയിട്ടുണ്ട്.

12 മണിക്കൂറിനിടെയാണ് ആലപ്പുഴയിൽ രണ്ട് കൊലപാതകങ്ങൾ നടന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സ്കൂട്ടറിൽ പോകുകയായിരുന്ന എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജംങ്​ഷനിലായിരുന്നു സംഭവം.

വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷാന്‍റെ സ്കൂട്ടറിന് പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു. ആക്രമണത്തിൽ കൈകാലുകൾക്കും വയറിനും തലക്കും ഗുരുതര പരിക്കേറ്റ ഷാനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയങ്കിലും രാത്രി 12ഓടെ മരണപ്പെടുകയായിരുന്നു.

ഈ സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ ആറു മണിയോടെയാണ് ആലപ്പുഴ നഗരപരിധിയിൽ രണ്ടാമത്തെ കൊലപാതകം നടന്നത്. ബി.ജെ.പിയുടെ സഹസംഘടനായ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.

വെള്ളക്കിണറിലെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. വീടിനുള്ളിൽ വെച്ച് അമ്മയും ഭാര്യയും നോക്കിനിൽക്കെ അക്രമിസംഘം വെട്ടുകയായിരുന്നു. രഞ്ജിത്തിനെ ആക്രമിക്കുന്നത് തടയാൻ ഇരുവരും ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്മാറിയില്ല. കൃത്യം നിർവഹിച്ച ശേഷം സംഘം കടന്നുകളഞ്ഞു.

അഞ്ചോളം പേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ രഞ്ജിത് ആശുപത്രിയിൽവെച്ചാണ് മരിച്ചത്. രഞ്ജിത്തിന്‍റെ മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.