![](https://www.nrimalayalee.com/wp-content/uploads/2021/11/Kuwait-Expats-above-60-Visa-Renewal.png)
സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 1100 ദിനാര്‍ ചെലവ് വരും. വിസ പുതുക്കാന്‍ പുതുതായി കൊണ്ടുവന്ന നിബന്ധനയായ ദിനാര്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ കാര്യത്തില്‍ തീരുമാനമായതോടെയാണ് ഇക്കാര്യത്തില്‍ ധാരണയായത്. ആരോഗ്യ ഇന്‍ഷൂറന്‍സിന് 500 മുതല്‍ 600 ദിനാര്‍ വരെ ചെലവ് വരുമെന്ന് ഇതുമായി ബന്ധപ്പെട്ട് കുവൈത്ത് ഇന്‍ഷൂറന്‍സ് ഫെഡറേഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഇതോടൊപ്പം വിസ പുതുക്കുന്നതിന് പുതുതായി ഏര്‍പ്പെടുത്തുന്ന വാര്‍ഷിക ഫീസായ 500 ദിനാര്‍ കൂടി ചേര്‍ന്നാണ് 1100 ദിനാര്‍ ചെലവ് കണക്കാക്കിയിരിക്കുന്നത്. നേരത്തേ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിക്ക് 1000 മുതല്‍ 1200 വരെ ദിനാര്‍ നല്‍കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പ്രവാസികള്‍ക്കുണ്ടാവാന്‍ ഇടയുള്ള പ്രയാസം പരിഗണിച്ച് ഇന്‍ഷൂറന്‍സ് ഫീസ് കുറയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
60 കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കി നല്‍കുന്നതിനായി എടുക്കേണ്ട ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ നല്‍കുന്നതിന് ആറ് പ്രാദേശിക ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഈ ആറ് കമ്പനികള്‍ നല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസി എടുത്തവരുടെ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ.
നേരത്തേ പ്രവാസിളില്‍ നിന്ന് 50 രൂപയാണ് ഇന്‍ഷൂറന്‍സ് ഫീസായി വിസ പുതുക്കുന്ന വേളയില്‍ ഈടാക്കിയിരുന്നത്. ഇതിനു പകരമായാണ് ഇന്‍ഷൂറന്‍സ് തുക 600 ദിനാര്‍ ആക്കിയത്. 60 കഴിഞ്ഞവര്‍ക്കുണ്ടാവാന്‍ ഇടയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് ബാധ്യതയാവുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാന്‍പവര്‍ കമ്മിറ്റിയുടെ പുതിയ തീരുമാനം.
അതേസമയം, 60 കഴിഞ്ഞവരും ബിരുദ യോഗ്യതയലില്ലാത്തവരുമായ പ്രവാസികള്‍ക്ക് അവരുടെ മക്കളെ രാജ്യത്തെ പൊതു സ്‌കൂളുകളില്‍ ചേര്‍ക്കാനാവില്ലെന്നും നിര്‍ദ്ദേശമുണ്ട്. പകരം സ്വകാര്യ സ്‌കൂളുകളെ ആശ്രയിക്കേണ്ടിവരും. രാജ്യത്തിന്റെ ഖജനാവിന് കൂടുതല്‍ ചെലവുകള്‍ ഉണ്ടാകുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്.
രാജ്യത്തിലെ സമ്പത്തിന്റെ വലിയൊരു ഭാഗം പ്രവാസികളുടെ ആരോഗ്യ, വിദ്യാഭ്യാസ ക്ഷേമത്തിനായി മാറ്റിവയ്ക്കേണ്ടി വരുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് 60 വയസ്സ് കഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് വേണമെന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കുവൈത്ത് ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത്. പ്രവാസികള്‍ തന്നെ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി എടുക്കുന്നതോടെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് വരാവുന്ന ചികിത്സ ചെലവുകള്‍ ഒഴിവാക്കാനാവും. ഇവരുടെ ചികില്‍സാ ചെലവുകള്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വഹിക്കുമെന്നതിനാലാണിത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളില്‍ അന്തിമ തീരുമാനം ആയിട്ടില്ല.
അതേസമയം, 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ കുവൈത്ത് പ്രവാസികളുടെ വിസ പുതുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി നിലവില്‍ വന്നിട്ട് ഒരു വര്‍ഷമാവുമ്പോഴും അത് പുതുക്കി നല്‍കുന്നതിനുള്ള നടപടികള്‍ ഇനിയും പുനരാരംഭിച്ചിട്ടില്ല. ഈ വര്‍ഷം ജനുവരിയിലാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ ബിരുദമില്ലാത്ത വയോജനങ്ങളുടെ വിസ പുതുക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തത്.
എന്നാല്‍ ഈ തീരുമാനം മന്ത്രിസഭയ്ക്കു കീഴിലെ ഫത്‌വ കമ്മിറ്റി പിന്നീട് റദ്ദാക്കിയെങ്കിലും വിസ പുതുക്കി നല്‍കല്‍ തീരുമാനമാവാതെ തുടരുകയാണ്. വിസ പുതുക്കന്നതിന് 500 ദിനാര്‍ ഫീസ് ഈടാക്കി വിസ പുതുക്കി നല്‍കാമെന്ന് മാന്‍പവര്‍ അതോറിറ്റി പിന്നീട് തീരുമാനിച്ചിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല.
ഇക്കാര്യത്തില്‍ ഫത്‌വ, നിയമനിര്‍മാണ വകുപ്പിന്റെ അംഗീകാരം കാത്തിരിക്കുകയാണ് മാന്‍പവര്‍ അതോറിറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വ്യവസായ, വാണിജ്യ മന്ത്രിയും പബ്ലിക് മാന്‍പവര്‍ അതോറിറ്റി ചെയര്‍മാനുമായ അബ്ദുല്ല അല്‍ സല്‍മാന്‍ ഫത്വ കമ്മിറ്റിക്ക് കത്തുനല്‍കിയിരുന്നു. എന്നാല്‍ ഈ കത്തിന് ഇതുവരെ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല.
നിലവിലെ നിയമ പ്രകാരം വിസ പുതുക്കുന്നതിന് പുതുതായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് വിലക്കുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ 60 കഴിഞ്ഞവരുടെ വിസ പുതുക്കി നല്‍കില്ലെന്ന മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനത്തെ ഫത്‌വ വകുപ്പ് തള്ളിയത്.
എന്നാല്‍ 500 ദിനാര്‍ ഫീസ് ഈടാക്കി വിസ പുതുക്കുന്നതിനുള്ള തീരുമാനത്തില്‍ നിയമപരമായ തെറ്റില്ലെന്നാണ് ഫത്‌വ വകുപ്പിന്റെ പക്ഷം. എന്നാല്‍ ഇക്കാര്യം അതോറിറ്റിയെ വാക്കാല്‍ അറിയിച്ചുട്ടുണ്ടെങ്കിലും രേഖാ മൂലം കത്തിന് മറുപടി നല്‍കിയിട്ടില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ സാഹചര്യത്തില്‍ 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കി നല്‍കുന്ന കാര്യത്തില്‍ ഈ വര്‍ഷം തീരുമാനം ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം വന്ന ശേഷമേ വിസ പുതുക്കി നല്‍കാനാവൂ എന്നതാണ് മാന്‍പവര്‍ അതോറിറ്റിയുടെ നിലപാട്.
അതേസമയം, 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ 53,000ത്തിലേറെ പ്രവാസികളാണ് രാജ്യത്ത് നിലവില്‍ തമാസമിക്കുന്നതെന്നാണ് കണക്ക്. ഇവരില്‍ ആയിരക്കണക്കിന് പേരുടെ വിസ കാലാവധി നേരത്തേ അവസാനിച്ചിരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ നിലവില്‍ വന്ന വിസ പുതുക്കല്‍ വിലക്കിനെ തുടര്‍ന്ന് വിസ പുതുക്കല്‍ നടപടികള്‍ അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു.
അതിനിടെ, വിസ പുതുക്കാനാവാതെ ആയിരക്കണക്കിന് പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് മടങ്ങുകയും ചെയ്തു. അതേസമയം, വിദ്യാഭ്യാസ യോഗ്യത പരിഗണിക്കാതെ 60 വയസ്സ് കഴിഞ്ഞ മുഴുവന്‍ പ്രവാസികള്‍ക്കും വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കണമെന്ന നിബന്ധന നടപ്പിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് വേണമെന്ന നിബന്ധന ബിരുദമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ബാധകമാക്കാനാണ് മാന്‍പവര്‍ അതോറിറ്റി ആലോചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല