![](https://www.nrimalayalee.com/wp-content/uploads/2021/03/Kuwait-Covid-Cases-Children.jpg)
സ്വന്തം ലേഖകൻ: ഒമിക്രോണ്‍ വൈറസിന്റെ വ്യാപനം തടയാന്‍ കുവൈത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കുടുതല്‍ പ്രതിരോധ നടപടികളിലേക്ക് രാജ്യം നീങ്ങുന്നത്. നിയന്ത്രണം ശക്തമാക്കുന്നതിനോടൊപ്പം ബൂസ്റ്റര്‍ ഡോസ് വിതരണം വേഗത്തിലാക്കാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. കൊവിഡ് വ്യാപനത്തിന്റെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിലയിരുത്താനും ആവശ്യയമായ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനുമായി തിങ്കാളാഴ്ച കുവൈത്ത് മന്ത്രിസഭയുടെ അസാധാരണ യോഗം ചേരും.
പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. പുതിയ സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട നിയന്ത്രണങ്ങളെ കുറിച്ച് കൊറോണ് അടിയന്തരങ്ങള്‍ക്കായുള്ള മന്ത്രിതല സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രി സഭാ യോഗം ചര്‍ച്ച ചെയ്യും. ഒമിക്രോണ്‍ വൈറസ് വ്യാപനം തടയുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ ഇന്നലെ മന്ത്രിതല സമിതി പ്രത്യേക യോഗം ചേര്‍ന്നിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ രാജ്യത്ത് പ്രവേശിച്ച ഉടനെ പിസിആര്‍ പരിശോധന നടത്തണമെന്നതാണ് കമ്മിറ്റി സമര്‍പ്പിച്ച നിബന്ധനകളിലൊന്ന്. വാക്‌സിന്‍ എടുത്തവരായാലും അല്ലാത്തവരായാലും ഇത് നിര്‍ബന്ധമാക്കണം. അതോടൊപ്പം നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. അതിന് ശേഷം മറ്റൊരു പിസിആര്‍ പരിശോധന കൂടി നടത്തി കൊവിഡ് നെഗറ്റീവാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ക്വാറന്റൈന്‍ അവസാനിപ്പിക്കാവൂ എന്നുമാണ് മറ്റ് നിര്‍ദ്ദേശങ്ങള്‍.
അതോടൊപ്പം രാജ്യത്തെ പൊതു ഇടങ്ങളില്‍ കെവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്ന കാര്യത്തില്‍ നിബന്ധനകള്‍ കര്‍ശനമാക്കും. പ്രത്യേകിച്ച് ഹോട്ടലുകള്‍, മാളുകള്‍, സിനിമാ തിയറ്ററുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, വിവാഹ ഹാളുകള്‍, റെസ്റ്റൊറന്റുകള്‍ തുടങ്ങിയ അടച്ചിട്ട പ്രദേശങ്ങളില്‍ മാസ്‌ക്ക് ധാരണം, സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ കര്‍ശനമാക്കാനും നിര്‍ദ്ദേശമുണ്ട്. സന്ദര്‍ശകര്‍ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാത്ത പക്ഷം, സ്ഥാപനങ്ങളുടെ ഉടമകള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതേസമയം, പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനം തടയാന്‍ അതിര്‍ത്തികള്‍ അടച്ചിടുകയാണ് വേണ്ടതെങ്കിലും അതിലേക്ക് പോവേണ്ടതില്ലെന്നാണ് കമ്മിറ്റിയുടെ നിര്‍ദ്ദേശം. പകരം പ്രവേശന വേളയിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണം. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ നടപ്പിലാക്കിയതു പോലുള്ള ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നു എന്നതിനാലാണ് ഈ തീരുമാനം.
വലിയ വ്യാപന ശേഷിയുള്ള ഒമിക്രോണിനെ തടയാന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ അനിവാര്യമാണെന്നും കൊറോണ അടിയന്തരങ്ങള്‍ക്കായുള്ള മന്ത്രിതല കമ്മിറ്റി അഭിപ്രായപ്പെട്ടു. അതിനാല്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ അര്‍ഹതപ്പെട്ട മുഴുവന്‍ ആളുകളും അത് സ്വീകരിക്കണം. രണ്ടാം അല്ലാത്ത പക്ഷം കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഡോസ് സ്വീകരിച്ച് ആറു മാസം പിന്നിട്ടവര്‍ക്കാണ് നിലവില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രാജ്യത്ത് കോവിഡ് ടെസ്റ്റുകള്‍ അധികരിപ്പിക്കാനും കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല