ചൊവ്വാഴ്ച റിസര്‍വ് ബാങ്ക് വായ്പാ അവലോകനം നടക്കാനിരിക്കെ ആര്‍ബിഐ നിരക്കുകള്‍ കൂട്ടിയാലും സമീപ ഭാവിയില്‍ വായ്പാ പലിശ ഉയര്‍ത്തില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വ്യക്തമാക്കി. 10 ശതമാനമാണു ബാങ്കിന്റെ അടിസ്ഥാന പലിശ. പ്രമുഖ ബാങ്കുകളില്‍ ഏറ്റവും കുറഞ്ഞ ബേസ് റേറ്റും എസ്ബിഐയുടേതാണ്. നാണയപ്പെരുപ്പം ഉയര്‍ന്ന നിരക്കില്‍ തുടരുന്നതിനാല്‍ വായ്പാ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ, റിവേഴ്സ് റിപ്പോ കാല് ശതമാനം വരെ ഉയര്‍ത്തുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.
സെപ്റ്റംബര്‍ 16ന് ആര്‍ബിഐ നിരക്കുകള്‍ കൂട്ടിയ ശേഷം മിക്ക ബാങ്കുകളും പലിശ ഉയര്‍ത്തിയിട്ടുണ്ട്. പലിശ ഉയരുന്നത് ഇഎംഐ (മാസഅടവ്) കൂടാന്‍ ഇടയാക്കുന്നുണ്ട്. ഇതിനു പുറമേ പുതിയ വായ്പകളുടെ ഡിമാന്‍ഡും കുറഞ്ഞു. വായ്പാ ഭാരം ഉയരുന്നതു കോര്‍പ്പറേറ്റ് വായ്പകളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. ഇനിയൊരു വര്‍ധനയുണ്ടായാല്‍ വായ്പാ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് എസ്ബിഐ ചെയര്മാന് പ്രതീപ് ചൗധരി പറഞ്ഞു. ഏപ്രില്‍- ഒക്റ്റോബര്‍ കാലയളവില്‍ 4.5 ശതമാനമാണു വായ്പാ വളര്‍ച്ച. എസ്ബിഐയുടേതു അഞ്ചു ശതമാനവും.
നവംബറില്‍ ബോണ്ട് വില്‍പ്പന വഴി 50 കോടി ഡോളര്‍ സമാഹരിക്കുമെന്നും ബാങ്ക് അറിയിച്ചു. മൂലധന പര്യാപ്തത അനുപാതം റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന എട്ടു ശതമാനമായി നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇത്. അനുപാതം കുറഞ്ഞതിനെത്തുടര്‍ന്നു കഴിഞ്ഞവാരം മൂഡി ബാങ്കിന്റെ റേറ്റിങ് സി മൈനസില്‍ നിന്നു ഡി പ്ലസിലേക്കു കുറച്ചിരുന്നു. റേറ്റിങ് കുറച്ചതു വായ്പാ ചെലവ് വര്‍ധിപ്പിക്കും. എംടിഎന് വായ്പാ 1000 കോടി ഡോളറാക്കാനും ബാങ്ക് തീരുമാനിച്ചു.
റേറ്റിങ് കുറഞ്ഞതിനെത്തുടര്‍ന്നു ബാങ്ക് ചെയര്മാന് പ്രതീപ് ചൗധരിയുടെയും മാനെജിങ് ഡയറക്റ്ററര്മാരായ ഹേമന്ത് കോണ്ട്രാക്റ്റര്, ദിവാകര്‍ ഗുപ്ത, കൃഷ്ണകുമാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ചൗധരി സ്ഥാനമേറ്റെടുത്ത ശേഷം ഈ സാമ്പത്തിക വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ അറ്റാദായം 46% കുറഞ്ഞ് 2,914 കോടിയിലെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല