1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 22, 2021

സ്വന്തം ലേഖകൻ: ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടയ്ക്കുള്ളിൽ നിന്ന് 66 ദശലക്ഷത്തിലധികം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം കണ്ടെത്തിയതായി ഗവേഷകര്‍. തെക്കൻ ചൈനയിലെ ഗാൻഷൗവിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. മുട്ടക്കുള്ളിൽ വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ഭ്രൂണം നാശം സംഭവിക്കാതെയുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

പല്ലുകളില്ലാത്ത തെറോപോഡ് ദിനോസറിന്‍റെയോ ഒവിറാപ്റ്റോറൊസർ ദിനോസറിന്‍റെയോ ഭ്രൂണമാകാം ഇതെന്നാണ് നിഗമനം. ‘ബേബി യിങ് ലിയാങ്’ എന്നാണ് ഭ്രൂണത്തിന് ഇവർ പേരിട്ടിരിക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും പൂര്‍ണമായതും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടതുമായ ഭ്രൂണമാണിതെന്ന് ഗവേഷണ സംഘത്തിലെ ഡോ. ഫിയോൺ വൈസം മായെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തലമുതൽ വാലുവരെ 27 സെ.മീ (10.6 ഇഞ്ച്) നീളമുള്ള ദിനോസർ ഭ്രൂണം 6.7 ഇഞ്ച് നീളമുള്ള മുട്ടക്കുള്ളിലാണ് സംരക്ഷിക്കപ്പെട്ടിരുന്നത്. 2000ൽ കണ്ടെത്തിയ ഈ ദിനോസർ മുട്ട യിങ് ലിയാങ് സ്റ്റോൺ നേച്ചർ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നതായിരുന്നു. മ്യൂസിയം നവീകരണത്തിന്‍റെ ഭാഗമായി പഴയ ഫോസിലുകൾ വേർതിരിക്കവെയാണ് ഈ മുട്ട വീണ്ടും ശ്രദ്ധയിൽപെടുന്നത്. മുട്ടക്കുള്ളിൽ ഭ്രൂണമുണ്ടെന്ന നിഗമനത്തിൽ നടത്തിയ പഠനത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഇ–സയൻസിൽ ഇതേ കുറിച്ചുള്ള പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുട്ടയ്ക്കകത്ത് പ്രത്യേക രീതിയിൽ ചുരുണ്ടുകിടക്കുന്ന നിലയിലാണ് ഭ്രൂണം കണ്ടെത്തിയത്. ടക്കിങ് എന്നറിയപ്പെടുന്ന ഇതേ രീതിയിലാണ് പക്ഷിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നതിന് തൊട്ടുമുമ്പും കാണപ്പെടുന്നത്. ആധുനിക കാലത്ത് പക്ഷികളുടെ ഇത്തരം സവിശേഷതകൾ പൂര്‍വികരായ ദിനോസറുകളില്‍ നിന്ന് തന്നെ പരിണമിച്ചിരുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും ഡോ. വൈസം മാ പറയുന്നു.

ദിനോസറുകളും ഇന്നത്തെ പക്ഷികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ ഇപ്പോൾ കണ്ടെത്തിയ ഭ്രൂണത്തിന് കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ‘ഏറ്റവും അതിശയകരമായ ദിനോസർ ഫോസിലുകളിൽ ഒന്ന്’ എന്നാണ് ഗവേഷക സംഘത്തിലെ ഫോസിൽ പഠന ശാസ്ത്രജ്ഞനായ പ്രഫ. സ്റ്റീവ് ബ്രുസാറ്റെ ട്വീറ്റ് ചെയ്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.