ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ നാലാമത്തെ മത്സരം ഇന്നു മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കും. അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 3-0 ത്തിനു സ്വന്തമാക്കിയെങ്കിലും ഏകപക്ഷീയമായ ജയമാണ് ഇന്ത്യയുടെ ലക്ഷ്യം. ആറു മാസം മുന്‍പ് (ഏപ്രില്‍ രണ്ടിന് ) ലോകകപ്പ് കിരീടം ഉയര്‍ത്തിയ അതേ വേദിയിലാണ് ഇന്ത്യ മത്സരിക്കാനിറങ്ങുന്നതെന്ന സവിശേഷതയുമുണ്ട്.
ലോകകപ്പ് ഫൈനലിന് ഒരുക്കിയതിനെക്കാള്‍ സ്ലോ പിച്ചാണ് ഇന്നത്തെ മത്സരത്തിന് ഒരുക്കിയതെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണറും ക്യൂറേറ്ററുമായ സുധീര്‍ നായിക് പറഞ്ഞു. ഉത്തരേന്ത്യയിലെ നിലവിലെ കാലാവസ്‌ഥയില്‍ ഗ്രൗണ്ടില്‍ ഈര്‍പ്പമുണ്ടാകില്ലെന്നാണു കരുതുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ പ്രകടനത്തിനു ശേഷം നേടുന്ന പരമ്പരയായതിനാല്‍ കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറിനും ഏറെ ആശ്വസിക്കാനുണ്ട്. മൊഹാലിയില്‍ നടന്ന മൂന്നാം ഏകദിനം പിന്തുടര്‍ന്നു ജയിച്ചതോടെ ഇന്ത്യയുടെ യുവനിരയ്‌ക്ക് വമ്പന്‍ സ്‌കോറുകളും മറികടക്കാനാകുമെന്നു തെളിയിച്ചു. 91 റണ്‍സെടുത്തു പുറത്താകാതെനിന്ന ഓപ്പണര്‍ അജിന്‍ക്യ രഹാനെയാണ് പിന്തുടര്‍ന്നു ജയിക്കാന്‍ ഇന്ത്യയെ ഏറെ സഹായിച്ചത്. വിരാട് കോഹ്ലി, ഗൗതം ഗംഭീര്‍, രവീന്ദ്ര ജഡേജ എന്നിവരും പ്രതിസന്ധിയെന്നു തോന്നിയ ഘട്ടത്തില്‍ നായകന്‍ എം.എസ്. ധോണിയും മികച്ച രീതിയില്‍ ബാറ്റ് ചെയ്‌തു. ഇന്ത്യക്കെതിരേ നാട്ടില്‍ കളിച്ചപോലെ കളിക്കാനായില്ല, ഇന്നു പക്ഷേ സ്‌ഥിതി മാറും- ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജൊനാഥന്‍ ട്രോട്ട് കണക്കു കൂട്ടുന്നു.
മൂന്നാം ഏകദിനത്തില്‍ 98 റണ്‍സെടുത്തു പുറത്താകാതെനിന്ന ട്രോട്ടാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഫീല്‍ഡിംഗിലെ പോരായ്‌മകളാണു മൊഹാലിയില്‍ ഇംഗ്ലണ്ടിനു വിനയായതെന്ന നായകന്‍ അലിസ്‌റ്റര്‍ കുക്കിന്റെ നിരീക്ഷണത്തോടു ട്രോട്ടും യോജിച്ചു.
ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു പരമ്പരയില്‍ ഇതുവരെ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല. കൂടാതെ പേസര്‍ ക്രിസ് വോക്‌സ് പരുക്കേറ്റു മടങ്ങിയതും അവര്‍ക്കു തിരിച്ചടിയായി. ഒരു മത്സരത്തില്‍ പോലും കളിക്കാതെയാണു വോക്‌സ് നാട്ടിലേക്കു മടങ്ങിയത്. പകരക്കാരനായി പേസര്‍ ഗ്രഹാം ഒനിയന്‍സിനെ തിരിച്ചുവിളിച്ചിട്ടുണ്ട്. മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിനു പകരം അഭിമന്യു മിഥുനെ ഉള്‍പ്പെടുത്തി. ദീപാവലി ആഘോഷങ്ങളുടെ ലഹരിയും ഞായറാഴ്‌ചയും അനുകൂല ഘടകമായതിനാല്‍ കളി കാണാന്‍ വാങ്കഡെ സ്‌റ്റേഡിയം ഹൗസ് ഫുള്ളാകുമെന്നാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ പ്രതീക്ഷ. പരമ്പരയിലെ അവസാന ഏകദിനം 25 നു കൊല്‍ക്കത്തില്‍ നടക്കും. ഇന്ത്യന്‍ പര്യടനത്തിലെ ഏക ട്വന്റി20 മത്സരവും 29 ന് കൊല്‍ക്കത്തയില്‍ നടക്കും.
ടീം- ഇന്ത്യ (ഇവരില്‍നിന്ന്) : എം.എസ്.ധോണി (നായകന്‍), പാര്‍ഥിവ് പട്ടേല്‍, അജിന്‍ക്യ രഹാനെ, ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, വരുണ്‍ ആരണ്‍, അഭിമന്യു മിഥുന്‍, വിനയ് കുമാര്‍, എസ്. അരവിന്ദ്, രാഹുല്‍ ശര്‍മ, മനോജ് തിവാരി, പ്രവീണ്‍ കുമാര്‍.
ഇംഗ്ലണ്ട് (ഇവരില്‍നിന്ന്) : അലിസ്‌റ്റര്‍ കുക്ക് (നായകന്‍), ക്രെയ്‌ഗ് കീസ്‌വെറ്റര്‍, ജൊനാഥന്‍ ട്രോട്ട്, ഇയാന്‍ ബെല്‍, കെവിന്‍ പീറ്റേഴ്‌സണ്‍, രവി ബൊപ്പാര, ജൊനാഥന്‍ ബെയര്‍സ്‌റ്റോ, ഗ്രെയിം സ്വാന്‍, സമിത് പട്ടേല്‍, ടിം ബ്രെസ്‌നന്‍, സ്‌റ്റീവ് ഫിന്‍, സ്‌റ്റുവര്‍ട്ട് മീകര്‍, ഗ്രഹാം ഒനിയന്‍സ്, സ്‌കോട്ട് ബോര്‍ത്‌വിക്, ജോസ് ബട്‌ലര്‍, അലക്‌സ് ഹാലസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല