സ്വന്തം ലേഖകൻ: യുകെയിലെ സ്കൂളുകള്‍ അടച്ചിടേണ്ടിവരില്ലെന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഉ റപ്പ് പാഴായേക്കുമെന്ന് സൂചന. കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേയ്ക്ക് നീങ്ങുകയാണ് കാര്യങ്ങള്‍. പുതുവര്‍ഷത്തില്‍ എല്ലാ സ്കൂളുകളും റിമോട്ട് ലേണിംഗിലേക്ക് മടങ്ങാന്‍ ഇടയുണ്ടെന്നാണ് യൂണിയനുകള്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്.
എന്നാല്‍ കുട്ടികളെ ക്ലാസുകളിലേക്ക് മടക്കിയെത്തിക്കുകയും, സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ് പ്രഥമിക ലക്ഷ്യമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി നദീം സവാഹിയോട് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ അടയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഹെഡ്ടീച്ചേഴ്സ് യൂണിയനുകള്‍ നല്കുന്ന മുന്നറിയിപ്പ്.
ദേശീയ വിലക്കുകള്‍ ഇല്ലെങ്കിലും ജീവനക്കാര്‍ രോഗബാധിതരാകുന്ന ഘട്ടത്തില്‍ ഇതിന് സാധ്യത നിലനില്‍ക്കുന്നുവെന്ന് യൂണിയനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിസ്മസ് ഒത്തുകൂടല്‍ ഒമിക്രോണ്‍ വേരിയന്റിന്റെ വ്യാപനത്തിന് വേഗത വര്‍ദ്ധിപ്പിക്കുമെന്നാണ് ആശങ്ക. പുതിയ ടേമിന്റെ ആരംഭത്തിന് മുന്‍പാണ് ഇത്.
ജനുവരിയില്‍ റിമോട്ട് ലേണിംഗ് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ നിരവധി സ്കൂളുകള്‍ ആരംഭിച്ചിട്ടുണ്ട്. ടെക്സ്റ്റ്ബുക്കുകളും, ഇലക്ട്രോണിക് ഡിവൈസുകള്‍ കുട്ടികള്‍ക്ക് കൊടുത്തയച്ച് ഇതിനുള്ള ഒരുക്കങ്ങളും സ്കൂളുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സ്കൂള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്ന വിഷയത്തില്‍ പ്രധാനമന്ത്രിയും, എഡ്യുക്കേഷന്‍ സെക്രട്ടറിയും ചര്‍ച്ച ചെയ്യുന്നതായി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ മിക്രോൺ വകഭേദം പടരുമെന്ന ആശങ്കയിൽ ഇറ്റാലിയൻ ഗവൺമെന്റ് കോവിഡ് നിയന്ത്രണങ്ങളും ഗ്രീൻ പാസ് നിയമങ്ങളും കർശനമാക്കി. പ്രധാനമന്ത്രി മാരിയോ ദ്രാഗി, ഇറ്റാലിയൻ കാബിനറ്റ്, സർക്കാർ ആരോഗ്യ ഉപദേഷ്ടാക്കൾ, പ്രാദേശിക നേതാക്കൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ആരോഗ്യമന്ത്രി റോബർതോ സ്പെറൻസയാണ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
പൊതുസ്ഥലങ്ങളിലും വേദികളിലും പ്രവേശനം അനുവദിക്കുന്ന ഗ്രീൻ പാസ് സർട്ടിഫിക്കറ്റിന്റെ കാലാവധി ഫെബ്രുവരി ഒന്നുമുതൽ ആറു മാസമായി കുറച്ചു. നിലവിൽ ഗ്രീൻപാസ്സ് കാലാവധി ഒൻപതു മാസമാണ്. നഴ്സിങ് ഹോമുകളിൽ പ്രവേശിക്കുന്നതിനു മൂന്നു ഡോസ് കോവിഡ് വാക്സിൻ അല്ലെങ്കിൽ രണ്ടു ഡോസുകളും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലവും ഉണ്ടായിരിക്കണം.
വാക്സിനേഷൻ എടുക്കുകയോ കോവിഡിൽ നിന്നു സുഖം പ്രാപിക്കുകയോ ചെയ്തവർക്കു മാത്രം ലഭിക്കുന്ന സൂപ്പർ ഗ്രീൻപാസിന്റെ പരിധി മ്യൂസിയങ്ങൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വെൽനസ് സെന്ററുകൾ, സ്പാകൾ, സോഷ്യൽ സെന്ററുകൾ എന്നിവയിലേക്കും വ്യാപിപ്പിക്കും.
ഡിസംബർ 30 മുതൽ മാർച്ച് 31വരെയുള്ള കാലയളവിൽ ബാറുകളിലും റസ്റ്ററന്റുകളിലും ഇൻഡോർ വേദികളിലും കൗണ്ടറിൽ നിന്നു ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്നതിന് സൂപ്പർ ഗ്രീൻപാസ് കാണിക്കേണ്ടതുണ്ട്. വാക്സിനേഷൻ നടത്താത്തവർക്കു റസ്റ്ററന്റുകൾക്കുള്ളിലിരുന്നു ഭക്ഷണം കഴിക്കാൻ അനുവാദമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല