1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2021

സ്വന്തം ലേഖകൻ: ഖത്തറില്‍ ഗതാഗത നിയമലംഘനം നടത്തിയ വാഹനങ്ങൾക്കും ഇനി രജിസ്ട്രേഷൻ നടപടിക്രമമായ ഇസ്തിമാറ പുതുക്കാം. ജനറൽ ഡയറക്ട്രേറ്റ് ഓഫ് ട്രാഫിക് ആണ് ഇക്കാര്യം അറിയിച്ചത്. നിയമലംഘനമുള്ള വാഹനങ്ങളുടെ ഇസ്തിമാറ പുതുക്കൽ ഉൾപ്പെടെയുള്ള നടപടികൾ മാർച്ച് 17ന് ശേഷമായിരിക്കും പ്രാബല്ല്യത്തിൽ വരിക.

ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് നടപ്പാക്കിയ പിഴ ഇളവുകാലം മാർച്ച് 17നാണ് അവസാനിക്കുന്നത്. തുടർന്ന് രാജ്യത്തെ ഗതാഗത നിയമങ്ങൾ കൂടുതൽ കർക്കശമാക്കാനാണ് അധികൃതരുടെ നീക്കം. ഗതാഗത ലംഘനങ്ങളുടെ ഒത്തുതീര്‍പ്പ് കാലാവധി പരമാവധി പേർ പ്രയോജനപ്പെടുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

നിലവിൽ ട്രാഫിക് ലംഘനങ്ങൾക്ക് പിഴചുമത്തപ്പെട്ടവർ മൂന്നു മാസത്തിനുള്ളിൽ തീർപ്പാക്കുകയാണെങ്കിൽ 50 ശതമാനം പിഴ നൽകിയാൽ മതിയാവും. മെട്രാഷ് രണ്ട് ആപ്ലിക്കേഷൻ വഴി ട്രാഫിക് ഫൈൻ അടച്ചു തീർപ്പാക്കാവുന്നതാണ്. പലരും ഈ മാസത്തെ ശമ്പളം ലഭിക്കുന്നതിനായി കാത്തിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിഴ അടക്കുന്നതിനായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷ.

ഡിസംബര്‍ 18ന് പദ്ധതി ആരംഭിച്ച ശേഷം നിരവധി പേര്‍ ഇളവ് പ്രയോജനപ്പെടുത്തി. മെത്രാഷ് 2, ഇ-സര്‍വീസസ് പോര്‍ട്ടലുകള്‍, സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ എന്നിവ വഴിയും ട്രാഫിക് ഡയറക്ടറേറ്റ് കൗണ്ടറിലും പിഴ അടയ്ക്കാന്‍ സൗകര്യമുണ്ട്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരേ കടുത്ത നിയമ നടപടികള്‍ ഉണ്ടാകുമെന്നതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.