സ്വന്തം ലേഖകൻ: ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചെക്ക് ഇന്‍, ചെക്ക് ഔട്ട് നടപടികള്‍ക്ക് അതിവേഗം. പരിശോധനാ നടപടികള്‍ രണ്ടോ മൂന്നോ മിനുട്ടുകള്‍ക്കകം പൂര്‍ത്തിയാവുമെന്ന് എയര്‍പോര്‍ട്ട് സുരക്ഷാ വിഭാഗം ഇന്‍സ്‌പെക്ഷന്‍ ഓഫീസര്‍ കാപ്റ്റന്‍ സായിദ് റാഷിദ് അല്‍ നുഐമി അറിയിച്ചു. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാലും യാത്രക്കാര്‍ക്ക് നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനുമായി ഏറ്റവും പുതിയ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പരിശോധനാ ഉപകരണങ്ങള്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യാ രംഗത്തുണ്ടാവുന്ന ഏറ്റവും പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് അവയോടൊപ്പം സഞ്ചരിക്കാനാണ് വിമാനത്താവളം ശ്രമിക്കുന്നത്. ചുരുങ്ങിയ സമയത്തിനും യാത്രക്കാരുടെയും അവരുടെ ബാഗേജുകളുടെയും പരിശോധന പൂര്‍ത്തീകരിക്കാന്‍ ഇതുവഴി സാധിക്കും.
ബാഗേജുകളില്‍ എന്തെങ്കിലും നിരോധിത സാധനങ്ങള്‍ ഉണ്ടെങ്കില്‍ അവ നിമിഷനേരം കൊണ്ട് കണ്ടെത്താന്‍ കെല്‍പ്പുള്ള ഉപകരണങ്ങളാണ് പുതുതായി സ്ഥാപിച്ചിരിക്കുന്നത്. അതോടൊപ്പം യാത്രക്കാരുടെ കൈവശമുള്ള ഹാന്‍ഡ് ബാഗുകളും ചെക്ക് ഇന്‍ ബാഗുകളും എളുപ്പത്തില്‍ പരിശോധിക്കുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അല്‍ നുഐമി ഇക്കാര്യം വ്യക്തമാക്കിയത്.
ലഗേജില്‍ എന്താണെന്ന കൃത്യമായ ബോധ്യമില്ലാതെ മറ്റൊരാളില്‍ നിന്ന് ഒരു സാധനവും സ്വീകരിക്കാതിരിക്കുകയെന്നതാണ് രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ അകത്ത് എന്താണെന്ന് അറിയാതെ സുഹൃത്തുക്കളില്‍ നിന്നും മറ്റും സ്വീകരിക്കുന്ന പൊതികള്‍ പലരെയും അപകടത്തില്‍ ചെന്നു ചാടിക്കാറുണ്ട്. അപരിചിതരായ ആളുകളില്‍ നിന്ന് ഒരു കാരണവശാലും ഇത്തരം സാധനങ്ങള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം അറിയിച്ചു. ആരുടെ ബാഗേജില്‍ നിന്നാണോ നിയമവിരുദ്ധമായ സാധനങ്ങള്‍ ലഭിച്ചത് അയാളായിരിക്കും അതിന് ഉത്തരവാദിയെന്നും ഇക്കാര്യത്തില്‍ തികഞ്ഞ ജാഗ്രത എല്ലാവരുടെയും ഭാഗത്തു നിന്നും ഉണ്ടാവണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ചെക്ക് ഇന്‍ സമയത്തിന് നിര്‍ദ്ദേശിക്കപ്പെട്ട സമയത്ത് തന്നെ വിമാനത്താവളത്തിലെത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. അനാവശ്യ ധൃതിയും പ്രശ്‌നങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. ചെറിയ അശ്രദ്ധ കൊണ്ട് വിമാന യാത്ര തന്നെ മുടങ്ങിപ്പോവാനുള്ള സാധ്യതയുണ്ട്. ദ്രാവക രൂപത്തിലുള്ളതും ജെല്‍ രൂപത്തിലുമുള്ളതുമായ നിരോധിത സാധനങ്ങള്‍ യാത്രയില്‍ കൂടെ കൊണ്ടുപോവുന്നില്ലെന്ന് ഉറപ്പുവരുത്തണം.
അനിവാര്യ ഘട്ടത്തില്‍ അവ കൊണ്ടുപോവുകയാണെങ്കില്‍ തന്നെ പുറത്തു നിന്നു കാണാവുന്ന രീതിയില്‍ സുതാര്യമായതും തുറന്ന ശേഷം വീണ്ടും ഒട്ടിക്കാന്‍ പറ്റുന്ന രീതിയിലുള്ളതുമായ പ്ലാസ്റ്റില്‍ കവറില്‍ വേണം കൊണ്ടുപോവാനെന്നും അദ്ദേഹം പറഞ്ഞു. അത് 100 മില്ലീലിറ്ററില്‍ കുറവായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. മൊബൈലിനേക്കാള്‍ വലിപ്പമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ബാഗില്‍ നിന്ന് പുറത്തെടുത്ത് എക്‌സ്‌റേ സ്‌കീനിംഗിനായി വയ്ക്കണമെന്നും അദ്ദേഹം അറിയിച്ചു. അനാവശ്യമായ സമയനഷ്ടം ഒഴിവാക്കുന്നതിന് വേണ്ടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല