![](https://www.nrimalayalee.com/wp-content/uploads/2021/12/India-Omicron-Cases-Gujrat.jpg)
സ്വന്തം ലേഖകൻ: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. ആകെ കേസുകള്‍ 1,270 ആയി. കഴിഞ്ഞ ദിവസം 309 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. മഹാരാഷ്ട്രയില്‍ 450ഉം ഡല്‍ഹിയില്‍ 320ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 107 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച കേരളമാണ് മൂന്നാമത്. ആറു സംസ്ഥാനങ്ങളില്‍ 50ൽ കൂടുതല്‍ കേസുകളുണ്ട്.
രാജ്യത്ത് പ്രതിദിന രോഗബാധയും ഉയര്‍ന്നു. പ്രതിദിന കേസുകള്‍ 27 ശതമാനം വര്‍ധിച്ചു. രാജ്യത്തെ ഏറെ ആഘാതമേല്‍പ്പിച്ച കോവിഡ് രണ്ടാംതരംഗത്തിന്‍റെ മൂര്‍ധന്യാവസ്ഥ പിന്നിട്ട് എട്ടുമാസമാകുമ്പോഴാണ് വീണ്ടും ആശങ്കയുടെ കണക്കുകള്‍. 24 മണിക്കൂറിനിടെ 16,764 പേര്‍ കോവിഡ് പോസിറ്റീവായി. 220 ജീവന്‍ നഷ്ടമായി. 91,361 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഡല്‍ഹിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി. അതേസമയം, രണ്ടാം ഡോസ് നല്‍കിയ അതേ വാക്സിന്‍ തന്നെയാകുമോ മുന്‍കരുതല്‍ ഡോസായി നല്‍കുക എന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് െഎസിഎംആര്‍ അറിയിച്ചു. കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്‍റെ റജിസ്ട്രേഷന്‍ നാളെ ആരംഭിക്കും. കോവാക്സിനാണ് കൗമാരക്കാര്‍ക്ക് നല്‍കുക.
സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ ഓരോരുത്തരും അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അറിയിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.
എറണാകുളത്ത് 4 പേര്‍ യുഎഇയില്‍നിന്നും, 3 പേര്‍ യുകെയില്‍നിന്നും, 2 പേര്‍ ഖത്തറില്‍നിന്നും, ഒരാള്‍ വീതം ദക്ഷിണാഫ്രിക്ക, ഇസ്രയേല്‍, മാള്‍ട്ട എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. കൊല്ലത്ത് 5 പേര്‍ യുഎഇയില്‍നിന്നും, ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍നിന്നും വന്നതാണ്. തിരുവനന്തപുരത്ത് 6 പേര്‍ യുഎഇയില്‍ നിന്നും, ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്.
തൃശൂരില്‍ 3 പേര്‍ യുഎഇയില്‍നിന്നും ഒരാള്‍ യുകെയില്‍നിന്നും വന്നു. പാലക്കാട്ട്, നൈജീരിയ, യുഎഇ എന്നിവിടങ്ങളില്‍നിന്നും മലപ്പുറത്ത് യുകെ, സ്‌പെയിന്‍ എന്നിവിടങ്ങളില്‍നിന്നും, കണ്ണൂരില്‍ സ്വീഡന്‍, യുഎഇ എന്നിവിടങ്ങളില്‍നിന്നും, ആലപ്പുഴയില്‍ ഇറ്റലിയില്‍നിന്നും, ഇടുക്കിയില്‍ സ്വീഡനില്‍നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 107 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്നും ആകെ 41 പേരും ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് 52 പേരും എത്തി. 14 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. യുഎഇയില്‍നിന്നും വന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ചത്. 29 പേരാണ് യുഎഇയില്‍ നിന്നുമെത്തിയത്. യുകെയില്‍ നിന്നുമെത്തിയ 23 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല