സ്വന്തം ലേഖകൻ: യുഎസിലെ ടെക്സസിലാണ് കഴിഞ്ഞ ആഴ്ച കനത്ത മഴയ്ക്കൊപ്പം പെയ്തിറങ്ങിയത് മത്സ്യങ്ങളാണ്. ആകാശത്തു നിന്ന് മഴയ്ക്കൊപ്പം മത്സ്യങ്ങൾ മാത്രമല്ല ചെറിയ തവളകളും ഞണ്ടുകളും പെയ്തിറങ്ങുന്നത് കണ്ടതിന്റെ അമ്പരപ്പിലാണ് പ്രദേശവാസികൾ. ഇവർ പങ്കുവച്ച മത്സ്യമഴയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യയമങ്ങളിൽ നിറയുന്നത് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വാട്ടർ സ്പൗട്ട് പ്രതിഭാസമാണ് ഇതിന് പിന്നിലെന്നാണ് ഗവേഷകരുടെ വിശദീകരണം.
ഇതിന് കുളങ്ങളിലേയും പുഴകളിലേയും മറ്റും ഉപരിതലത്തോട് ചേര്‍ന്നുള്ള മത്സ്യങ്ങളെ വലിച്ചെടുക്കാനാകും. കടലില്‍ നിന്നും മത്സ്യക്കൂട്ടങ്ങളെ ഇത്തരത്തില്‍ വാട്ടർ സ്പൗട്ടി പൊക്കിയെടുക്കാറുണ്ട്. ഇത്തരത്തില്‍ കാറ്റിനൊപ്പം കരയിലേക്കെത്തുന്ന മത്സ്യങ്ങള്‍ കിലോമീറ്റുകള്‍ സഞ്ചരിച്ചശേഷമായിരിക്കും തിരികെ നിലത്തേക്ക് വീഴുക. പലപ്പോഴും മഴയ്ക്കൊപ്പമായിരിക്കും ഇവ ഭൂമിയിലെത്തുക. ഇതാകാം ഇവിടെയും സംഭവിച്ചതെന്നാണ് നിഗമനം.
കടലിൽ നിന്നു വെള്ളം ഉയർന്നുപൊങ്ങുന്ന പ്രതിഭാസമാണ് വാട്ടർ സ്പൗട്ട്. ഇത്തരം ചെറിയ അന്തരീക്ഷച്ചുഴികൾക്ക് ചുഴലിക്കാറ്റുമായി ഒരു തരത്തിലും ബന്ധമില്ല. ഇവയുടെ സഞ്ചാരപഥം തീർത്തും പ്രാദേശികമാണ്. .താപവ്യതിയാനം മൂലം ചെറിയ ന്യൂനമർദം രൂപപ്പെടുന്നതാണ് ഇതിനു കാരണം.
ആകാശത്ത് കാർമേഘങ്ങൾ ഇരുണ്ടുമൂടി കറുത്ത മേഘങ്ങൾക്കിടയിൽനിന്നു മിന്നൽ രൂപത്തിൽ ഫൗണ്ടൻ പോലെ തോന്നിക്കുന്ന മേഘപാളി കടലിലേക്ക് ഊർന്നിറങ്ങും. ഇതോടെ കടൽ ഇളകിമറിഞ്ഞു ചുഴി രൂപപ്പെടും. കടലിന്റെ വിവിധ ഭാഗങ്ങളിൽ കടൽവെള്ളവും അതോടൊപ്പം അവിടുത്തെ ജലജീവികളും ഫണൽ രൂപത്തിൽ ഏറെ ഉയരത്തിൽ ഉയർന്നു പൊങ്ങും.
മേഘങ്ങൾക്കിടയിൽ പെട്ടെന്നുണ്ടാകുന്ന മർദ വ്യത്യാസമാണു വാട്ടർ സ്പൗട്ടിനു കാരണമാകുന്നത്. കടലിലെയും കായലിലെയും വെള്ളത്തെ അന്തരീക്ഷത്തിലേക്കു വലിച്ചെടുക്കുവാനുള്ള കഴിവ് ഇതിനുണ്ട്. ആനയുടെ തുമ്പിക്കൈ രൂപത്തിലാണു മേഘപാളി പ്രത്യക്ഷപ്പെടുന്നത്.
ഏകദേശം 5–10 മിനിറ്റു വരെ നീണ്ടു നിൽക്കുന്ന പ്രതിഭാസമാണിത്. കരയിലുണ്ടാകുന്ന കൊടുങ്കാറ്റിന്റെ മറ്റൊരു പതിപ്പാണിത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളും മറ്റും ഇതിനെ ആനക്കാൽ പ്രതിഭാസം എന്നാണു വിളിക്കുന്നത്.പ്രതിഭാസം രൂപപെടുന്ന സമയത്തു കടല്‍ ജീവികളെ വെള്ളത്തോടൊപ്പം ഉള്ളിലേക്ക് വലിച്ചെടുത്തതാണ് അപൂർവ മഴയായി പെയ്തിറങ്ങുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല