![](https://www.nrimalayalee.com/wp-content/uploads/2021/04/Delhi-Covid-19-Hospitals-Oxygen.jpg)
സ്വന്തം ലേഖകൻ: ഡല്‍ഹിയില്‍ രണ്ടു ദിവസങ്ങളിലായി പരിശോധിച്ച കോവിഡ് സാമ്പിളുകളില്‍ 84 ശതമാനവും ഒമിക്രോണ്‍ വകഭേദം. ഡിസംബർ 30, 31 ദിവസങ്ങളിലെ സാമ്പിളുകളാണ് ജനിതക ശ്രേണീകരണ പരിശോധനക്ക് വിധേയമാക്കിയത്. ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനാണ് ഇക്കാര്യമറിയിച്ചത്.
പുതുതായി 4,000ത്തോളം പേർക്ക് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗസ്ഥിരീകരണനിരക്ക് ആറുശതമാനമായി ഉയർന്നു. കഴിഞ്ഞ ഏഴരമാസത്തെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്കാണിതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ ആശുപത്രികളിലെ കിടക്ക സൗകര്യം പരിമിതമാണെന്ന് മുന്നറിയിപ്പ് നല്കിയ മന്ത്രി ഈയാഴ്ച കോവിഡ് കേസുകളുടെ എണ്ണം ഉയർന്നേക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിയന്ത്രണം കടുപ്പിച്ചിരുന്നു. ആൾക്കൂട്ടം ഒഴിവാക്കുന്നതിന് തിയറ്ററുകൾ, മാളുകൾ എന്നിവയ്ക്കുമേല്‍ കര്‍ശന നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്.
അതേസമയം, രാജ്യത്ത് ആകെ ഒമിക്രോൺ കേസുകൾ 1700 ആയി വർധിച്ചെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 639 ഒമിക്രോണ്‍ ബാധിതര്‍ രോഗമുക്തരായിട്ടുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 123 മരണവും റിപ്പോർട്ട് ചെയ്തു.
സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 2 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 2 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
തിരുവനന്തപുരത്ത് 9 പേര് യുഎഇയില്‍ നിന്നും ഒരാള്‍ ഖത്തറില്‍ നിന്നും വന്നതാണ്. ആലപ്പുഴയില്‍ 3 പേര് യുഎഇയില്‍ നിന്നും 2 പേര് യുകെയില്‍ നിന്നും തൃശൂരില്‍ 3 പേര് കാനഡയില്‍ നിന്നും 2 പേര് യുഎഇയില്‍ നിന്നും ഒരാള്‍ ഈസ്റ്റ് ആഫ്രിക്കയില്‍ നിന്നും മലപ്പുറത്ത് 6 പേര് യുഎഇയില്‍ നിന്നും വന്നതാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 181 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും ആകെ 52 പേരും ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 109 പേരും എത്തിയിട്ടുണ്ട്. 20 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 42 പേരെ ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തു. എറണാകുളം 16, തിരുവനന്തപുരം 15, തൃശൂര്‍ 4, ആലപ്പുഴ 3, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇതോടെ 139 പേരാണ് ചികിത്സയിലുള്ളത്.
അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗോവയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. ജനുവരി 26 വരെ സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും അടക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചതായി കോവിഡ് കർമ്മസമിതിയുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
ഞായറാഴ്ച ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായിരുന്നു. നാളെ മുതൽ ജനുവരി 26 വരെ എട്ട്, ഒമ്പത് ക്ലാസുകളിലെ ഓഫ്ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി കോവിഡ് കർമസമിതി അംഗം ശേഖർ സൽക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ വാക്സിൻ സ്വീകരിക്കാനായി സ്കൂളുകളിൽ എത്തണമെന്നും ഇതിനു ശേഷം ജനുവരി 26 വരെ ക്ലാസുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോളേജുകളും ജനുവരി 26 വരെ അടച്ചിടുമെന്നും ശേഖർ സൽക്കാർ അറിയിച്ചു. രാത്രി പതിനൊന്ന് മണി മുതൽ രാവിലെ ആറു മണി വരെയാണ് സംസ്ഥാനത്ത് രാത്രി കർഫ്യു നടപ്പാക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല