1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2022

സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം സൗദിയിലെ സ്വകാര്യ തൊഴില്‍ രംഗത്ത് സ്വദേശിവല്‍ക്കരണം ശക്തമായി നടപ്പിലാക്കാന്‍ സാധിച്ചതായി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2021ല്‍ സൗദിയിലെ ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്കാണ് സ്വദേശിവല്‍ക്കരണ പദ്ധതികളിലൂടെ തൊഴില്‍ നല്‍കാനായത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയതെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം സൗദിവല്‍ക്കരണ പദ്ധതികള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഖലകളില്‍ മാത്രം സൗദി പൗരന്‍മാരായ ജീവനക്കാരുടെ എണ്ണം 19 ലക്ഷം കടന്നു. ഇതാദ്യമായാണ് സ്വകാര്യ സ്ഥാപനങ്ങളില്‍ ഇത്രയേറെ സ്വദേശികള്‍ ജോലിചെയ്യുന്നതെന്നും മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴില്‍ രംഗം സൗദികള്‍ക്ക് ആകര്‍ഷകമാക്കാന്‍ ഈ കാലയളവില്‍ മന്ത്രാലയത്തിന് സാധിച്ചു. ഓരോ മേഖലയിലും സൗദികള്‍ക്ക് നല്‍കേണ്ട മിനിമം വേതനം നിശ്ചയിച്ചവയാണ് ഇതിലൊന്ന്. നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും മികച്ച പരിശീലനത്തിലൂടെ ഉദ്യോഗാര്‍ഥികളുടെ മല്‍സരക്ഷമത വര്‍ധിപ്പിച്ചുമാണ് ഇത്രയേറെ സ്വദേശികളെ സ്വകാര്യ മേഖലയില്‍ വിന്യസിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ മാളുകളിലും റെസ്റ്റൊറന്റുകളിലും കഫേകളിലും സൗദിവല്‍ക്കരണം ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഏഴു മുതലായിരുന്നു. കമേഴ്‌സ്യല്‍ കോംപ്ലക്‌സുകളിലെയും അവയുടെ മാനേജ്‌മെന്റ് ഓഫീസുകളിലെയും മുഴുവന്‍ ജോലികളും സ്വകാര്യവല്‍ക്കരിക്കുന്നതായി തൊഴില്‍ മന്ത്രാലയം പ്രഖ്യാപിക്കുകയായിരുന്നു. സെയില്‍സ് ഔട്ട്‌ലെറ്റുകളിലെയും കഫേകളിലെയും പ്രധാന കാറ്ററിംഗ് സ്ഥാപനങ്ങളിലെയും പ്രധാന ജോലികളെല്ലാം സൗദികള്‍ക്ക് മാത്രമാക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മെയ് ഏഴിന് തന്നെയായിരുന്നു രാജ്യത്തെ അന്താരാഷ്ട്ര സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്‌കൂളുകളില്‍ സൗദിവല്‍ക്കരണത്തിന്റെ ആദ്യ ഘട്ടം നടപ്പിലാക്കിയത്. മൂന്നു വര്‍ഷത്തിനിടയില്‍ ഘട്ടം ഘട്ടമായി സൗദിവല്‍ക്കരണം നടപ്പിലാക്കാനായിരുന്നു തീരുമാനം. ഗണിതം, ഫിസിക്‌സ്, ബയോളജി, സയന്‍സ്, കംപ്യൂട്ടര്‍ തുടങ്ങിയ എല്ലാ വിഷയങ്ങളിലും സ്വദേശികളായ അധ്യാപകരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ എന്നാണ് നിയമം. അതോടൊപ്പം അറബി ഭാഷ, ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഇസ്ലാമിക പഠനം, സാമൂഹിക പഠനം, കലാ പഠനം, കായിക പഠനം തുടങ്ങിയവയിലും സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്തുകയുണ്ടായി.

സ്വകാര്യ മേഖലയിലെ അക്കൗണ്ടില്‍ ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കാനുള്ള തീരുമാനം മനുഷ്യവിഭവ സാമൂഹിക വികസന മന്ത്രാലയം കൈക്കൊണ്ടത് ജൂണ്‍ 12നായിരുന്നു. അഞ്ചോ അതിലധികമോ അക്കൗണ്ടന്റ് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 30 ശതമാനം പേര്‍ സൗദികളായിരിക്കണമെന്നതായിരുന്നു വ്യവസ്ഥ. അക്കൗണ്ടന്റ് മാനേജര്‍, സക്കാത്ത് ആന്റ് ടാക്‌സസ് വകുപ്പ് ഡയറക്ടര്‍, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് വകുപ്പ് ഡയരക്ടര്‍, ജനറല്‍ ഓഡിറ്റ് വകുപ്പ് ഡയരക്ടര്‍, ഇന്റേണല്‍ ഓഡിറ്റര്‍, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ ജോലികളാണ് സൗദികള്‍ക്കായി സംവരണം ചെയ്തത്.

2021 ജൂണ്‍ 27 മുതലാണ് രാജ്യത്തെ കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കിക്കൊണ്ട് മന്ത്രാലയം ഉത്തരവിട്ടത്. ഈ മേഖലകളില്‍ അഞ്ചിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ നാലിലൊന്നു പേര്‍ സൗദികളായിരിക്കണമെന്നതായിരുന്നു നിയമം. എഞ്ചിനീയറിംഗ്, ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്, പ്രോഗ്രാമിംഗ്, അനലൈസിംഗ് ജോലികള്‍, ടെക്ക്‌നിക്കല്‍ സപ്പോര്‍ട്ട്, കമ്മ്യൂണിക്കേഷന്‍സ് ടെക്‌നീഷ്യന്‍ തുടങ്ങിയവയിലാണ് സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയത്.

മെഡിക്കല്‍ ലബോറട്ടറികള്‍, റേഡിയോളജി, ഫിസിയോ തെറാപ്പി, തെറാപ്പിക് ന്യൂട്രീഷന്‍ തുടങ്ങിയ മെഡിക്കല്‍ രംഗത്തെ വിവിധ ജോലികളും സൗദികള്‍ക്കു മാത്രമാക്കി മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഒക്ടോബര്‍ 12 മുതലായിരുന്നു ഇത് നടപ്പില്‍ വരുത്തിയത്. മെഡിക്കല്‍ ഉപകരണങ്ങളുമായി ബന്ധപ്പെട്ട എഞ്ചിനീയറിംഗ്, ടെക്‌നിക്കല്‍ ജോലികളിലും സ്വദേശിവല്‍ക്കരണം നടപ്പിലാക്കി.

അതിനിടെ, രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവാസികള്‍ക്ക് ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ട് ആ മേഖലയിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കുകയും ചെയ്തു. റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറേജ്, റെന്റല്‍ ബ്രോക്കര്‍, ലാന്റ് ആന്റ് റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍, ലാന്റ് ആന്റ് റിയല്‍ എസ്‌റ്റേറ്റ് രജിസ്ട്രി ക്ലര്‍ക്ക് തുടങ്ങിയ മേഖലകളാണ് പൂര്‍ണമായും സൗദിവല്‍ക്കരിച്ചത്. അതോടൊപ്പം നിര്‍മാണ മേഖലയിലെ സര്‍ട്ടിഫൈഡ് സസ്റ്റെയിനബ്ള്‍ എഞ്ചിനീയര്‍, ക്വാളിറ്റി ഇന്‍സ്‌പെക്ടര്‍, പ്രീഫാബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ ജോലികളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കി. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ മേഖലയായിരുന്നു 100 ശതമാനം സൗദിവല്‍ക്കരിച്ച മറ്റൊരു മേഖല. എയര്‍ നാവിഗേഷന്‍ മേഖലയിലെ സ്വദേശിവല്‍ക്കരണം 97 ശതമാനമായും ഉയര്‍ത്തി.

ഡിസംബര്‍ 30നായിരുന്നു രാജ്യത്തെ കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിംഗ് സ്‌കൂള്‍ ജോലികള്‍ സൗദികള്‍ക്ക് മാത്രമാക്കിയത്. ഈ മേഖലകളില്‍ നിന്ന് വിദേശികളെ പൂര്‍ണമായും ഒഴിവാക്കി മുഴുവന്‍ ജോലികള്‍ക്ക് സ്വദേശികള്‍ക്ക് മാത്രമാക്കിക്കൊണ്ട് മന്ത്രാലയം ഉത്തരവിടുകയായിരുന്നു. അതോടൊപ്പം ലീഗല്‍ കണ്‍സല്‍ട്ടന്‍സി, സിനിമാ മേഖല തുടങ്ങിയ രംഗങ്ങളിലെ തൊഴിലുകളിലും സൗദികള്‍ക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തി. വരും ദിനങ്ങളില്‍ സൗദിവല്‍ക്കരണം ശക്തമായി തുടരുമെന്നാണ് മന്ത്രാലയം നല്‍കുന്ന സൂചന. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മൂലം കഷ്ടപ്പെടുന്ന വിദേശികള്‍ക്ക് ഈ നീക്കങ്ങള്‍ വലിയ തിരിച്ചടിയാവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.