സ്വന്തം ലേഖകൻ: സിലിക്കൻ വാലി സ്റ്റാർട്ടപ്പ് തെരാനോസിന്റെ സിഇഒ എലിസബത്ത് ഹോംസ് തട്ടിപ്പുകേസിൽ കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി. ഏതാനും രക്തത്തുള്ളിയിൽനിന്നു മനുഷ്യന്റെ രോഗങ്ങളും ആരോഗ്യാവസ്ഥയും നിർണയിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിച്ചെന്ന അവകാശവാദവുമായി നിക്ഷേപകരെ തട്ടിച്ചതാണു കേസ്. ഹോംസിനെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. ഹോംസിന്റെ ഉൾപ്പെടെ 32 സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളെയും അടിസ്ഥാനപ്പെടുത്തിയാണു കലിഫോർണിയയിലെ കോടതിയുടെ കണ്ടെത്തൽ.
തെളിഞ്ഞ നാലു കുറ്റങ്ങളും 20 വർഷം വരെ ശിക്ഷ ലഭിക്കാവുന്നതാണ്. ശിക്ഷ പിന്നീടു വിധിക്കും. രക്തപരിശോധനയ്ക്കു പണം നൽകിയ രോഗികളെ പറ്റിച്ചെന്നതുൾപ്പെടെ നാലു കുറ്റങ്ങൾ കോടതി തള്ളിക്കളഞ്ഞു. 11 കുറ്റങ്ങളാണ് ഹോംസിനെതിരേ ചുമത്തിയിരുന്നത്.
2003ൽ, 19-ാം വയസിൽ, സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിൽനിന്നു കെമിക്കൽ എൻജിനിയറിംഗ് പഠനം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചതിനു പിന്നാലെയാണു ഹോംസ് തെരാനോസിനു തുടക്കംകുറിക്കുന്നത്. രക്തത്തുള്ളികളിൽനിന്നു കാൻസറും പ്രമേഹവും ഉൾപ്പെടെയുള്ള രോഗങ്ങൾ കണ്ടെത്താനാകുമെന്ന പ്രഖ്യാപനം വൻ ഹിറ്റായതോടെ മാധ്യമഭീമൻ റുപർട്ട് മർഡോക്ക്, ടെക് ഭീമൻ ലാറി എല്ലിസണ്, വാൾമാർട്ട്, ഡിവോസ് മുതലായ വന്പൻമാർ തെരാനോസിൽ വൻതോതിൽ പണം നിക്ഷേപിച്ചു.
2015ൽ തെരാനോസ് ലാബ് സന്ദർശിച്ച അന്നത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ ഹോംസിനെ പ്രശംസിച്ചിരുന്നു.
കന്പനിയുടെ തട്ടിപ്പുകൾ തുറന്നുകാട്ടി വാൾസ്ട്രീറ്റ് ജേർണൽ തുടർച്ചയായി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതോടെയാണു തെരാനോസിന്റെ തകർച്ച തുടങ്ങുന്നത്. തെരാനോസിന്റെ രക്തപരിശോധനാ സംവിധാനം പ്രവർത്തനക്ഷമമല്ലെന്നു റിപ്പോർട്ടിൽ വ്യക്തമാക്കപ്പെട്ടു.
സിലിക്കൻ വാലിയിലെ ഏറ്റവും വിലപിടിപ്പുള്ള കന്പനികളിലൊന്നായ തെരാനോസിന് ഒരിക്കൽ 900 കോടി ഡോളർ (ഏകദേശം 67,000 കോടി രൂപ) മൂല്യമുണ്ടായിരുന്നു. 2018ൽ തെരാനോസ് അടച്ചുപൂട്ടി. തന്റെ പേരിലുയർന്ന ആരോപണങ്ങൾക്ക് മുൻ കാമുകനും ബിസിനസ് പങ്കാളിയുമായ രമേശ് ബൽവാനിയെ കുറ്റപ്പെടുത്തിയ ഹോംസ്, ബൽവാനിതന്നെ പീഡിപ്പിച്ചെന്നും ആരോപിച്ചിരുന്നു. ആരോപണം ബൽവാനി തള്ളി.
ഇയാൾക്കെതിരായ കേസുകളിൽ അടുത്തമാസം വാദം ആരംഭിക്കും. ഇതവസാനിക്കുന്നതുവരെ ഹോംസിനെതിരേ ശിക്ഷ വിധിക്കാൻ സാധ്യതയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല