സ്വന്തം ലേഖകൻ: അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ കർശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. പോളിങ് ഉദ്യോഗസ്ഥർ രണ്ടുഡോസ് വാക്സിൻ നിർബന്ധമായും എടുക്കണം. കോവിഡ് സാഹചര്യം വെല്ലുവിളി ഉയർത്തുന്നുണ്ടെന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 18.34 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. 24.9ലക്ഷമാണ് പുതിയ വോട്ടർമാരുടെ എണ്ണം. ഇതിൽ 11.4 ശതമാനം സ്ത്രീകളാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനം വർധിപ്പിക്കും. 15368 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഒരു ബൂത്തിൽ പരമാവധി 1250 വോട്ടർമാർ മാത്രമാകും.
ഏഴ് ഘട്ടമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി പത്തിന് ഉത്തർപ്രദേശിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കും. രണ്ടാം ഘട്ടം ഫെബ്രുവരി 14 ന് നടക്കും. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിൽ ഫെബ്രുവരി 14നാണ് വോട്ടെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി 20നാണ്. മണിപ്പൂരിൽ ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ് നടക്കുക. യുപിയിലെ അഞ്ചാം ഘട്ടം മാർച്ച് ഏഴിന് നടക്കും. മാർച്ച് പത്തിന് വോട്ടെണ്ണൽ നടക്കുക.
കോവിഡ് രോഗികൾക്കും 80 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടുകൾ അനുവദിക്കും. നാമനിർദേശപത്രിക ഓൺലൈനായി സമർപ്പിക്കാൻ അനുവദിക്കും. ഒരുലക്ഷം ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിൽ ബി.ജെ.പിയാണ് അധികാരത്തിൽ. പഞ്ചാബിൽ കോൺഗ്രസും.
ജനങ്ങൾക്ക് പരാതി അറിയാക്കാവുന്ന സി -വിജിൽ ആപ് തയാറാക്കി. ഇതുവഴി ചട്ടലംഘനങ്ങൾ ജനങ്ങൾക്ക് നേരിട്ട് അറിയിക്കാം. ഫോട്ടോ എടുത്ത് നൽകാനും കഴിയും. 403 നിയമസഭ മണ്ഡലങ്ങളുള്ള ഉത്തർപ്രദേശാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും വലിയ സംസ്ഥാനം. ശ്രദ്ധേയമായ സംസ്ഥാനവും ഇതുതന്നെ.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാറുകളോട് നിർദേശിച്ചിരുന്നു. യു.പിയിൽ ഉൾപ്പെടെ പ്രചാരണ രംഗത്ത് സജീവമാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ഉത്തർപ്രദേശിൽ വിർച്വൽ റാലികളും ഓൺലൈൻ പ്രചാരണവും വ്യാപിപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല