![](https://www.nrimalayalee.com/wp-content/uploads/2020/07/Qatar-Airways-Hamad-Airport-Covid-19-crisis-Electronic-Devices-New-Scanner.png)
സ്വന്തം ലേഖകൻ: ഖത്തറിൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മന്ത്രിസഭ നിർദേശിച്ച പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വിവിധ മേഖലകളിലായി കർശനമായ നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയത്. വാഹനങ്ങളിൽ പരമാവധി നാലുപേർ, കർവ ബസ്, ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിൽ യാത്രക്കാർ 60 ശതമാനം, ബാർബർഷോപ്പുകളിൽ 50 ശതമാനം തുടങ്ങിയവയാണ് പ്രധാന നിർദേശം. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം വിശദമായ പട്ടിക തന്നെ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. പള്ളികളിലെ നിയന്ത്രണവും ശനിയാഴ്ച പ്രാബല്യത്തിൽ വരും. 12ന് താഴെ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടാവില്ല.
യാത്രക്കാർക്ക് പ്രത്യേക നിർദേശങ്ങളുമായി ദോഹ വിമാനത്താവളം. യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തണമെന്നും കോവിഡ് ലക്ഷണമുള്ളവർ യാത്രക്കെത്തരുതെന്നും നിർദേശം നൽകി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാർക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പുതിയ നിർദേശങ്ങൾ നൽകിയത്.
യാത്രികർ കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. പനി, ചുമ, ശ്വാസ തടസം, മണമോ രുചിയോ കുറയൽ തുടങ്ങിയ കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ വിമാനത്താവളത്തിലേക്ക് വരരുത് -അധികൃതർ നിർദേശിച്ചു. എല്ലാ ഗേറ്റുകളിലും ടെർമിനലിലും തെർമൽ സ്ക്രീനിങ് കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കും വിമാനത്താവളത്തിൽ സജ്ജമാണെന്നും അറിയിച്ചു. എയർപോർട്ട് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയതായും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് മുൻകരുതൽ നടപടികളെന്നും അധികൃതർ പറഞ്ഞു.
അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഖത്തറിലെ റസ്റ്റാറന്റുകളിലും കഫേകളിലും ശീശ നിരോധിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയം ഉത്തരവ്. ശനിയാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് നിരോധനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള തീരുമാനം ലംഘിച്ചാല്‍ നിയമനടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി. കോവിഡിന്റെ ആദ്യ തരംഗങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെയും ശീശകൾ വിലക്കിയിരുന്നു. ഏതാനും മാസം മുമ്പ് മാത്രമാണ് പുനസ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല