1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2022

സ്വന്തം ലേഖകൻ: വിദൂര ഗ്രാമത്തിൽ ഇരുപത് വർഷക്കാലമായി ഒളിവു ജീവിതം നയിച്ച ഇറ്റാലിയൻ മാഫിയ തലവനെ പിടികൂടി പോലീസ്. വെറും പരിശോധനയിലൂടെയോ തിരച്ചിലിലൂടെയോ അല്ല പോലീസ് ഈ മാഫിയ തലവനെ പിടികൂടിയത്. ഗൂഗിളിന്റെ സഹായത്തോടെയാണ് പോലീസ് ജിയോഷിനോ ഗമിനോ എന്ന ഇറ്റാലിയൻ മാഫിയ തലവനെ വളഞ്ഞിട്ട് പിടിച്ചത്.

റോമിലെ അതീവസുരക്ഷ ജയിലിൽ നിന്നും രക്ഷപ്പെട്ട ഗമിനോ ഏറെ കാലം പല കള്ളപ്പേരുകളിൽ പല പല ജോലികൾ ചെയ്ത് ജിവിക്കുകയായിരുന്നു. ഇയാളുടെ മിടുക്ക് കൊണ്ട് തന്നെ ആരും ഗമിനോയെ സംശയിച്ചിരുന്നില്ല. കുറച്ച് നാളായി മാഡ്രിഡിന്റെ പ്രാന്തപ്രദേശത്തുള്ള ഗാലപ്പഗാർ ഗ്രാമത്തിലായിരുന്നു ഇയാളുടെ താമസം. ഇവിടെ ഒരു കുശിനിക്കാരനായി കഴിഞ്ഞിരുന്ന ഇയാൾ പിന്നീട് ഒരു വിവാഹം കഴിക്കുകയും ഭാര്യയ്‌ക്കൊപ്പം പല തരം വ്യാപാരസ്ഥാപനങ്ങൾ തുറക്കുകയും ചെയ്തു. റസ്റ്റോറന്റ്, പഴം പച്ചക്കറി കട എന്നിവ നടത്തി ജീവിക്കുകയായിരുന്നു ഗാമിനോ.

കഴിഞ്ഞ രണ്ട് വർഷക്കാലമായി പോലീസ് ഇയാളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഗാമിനോക്കായി അന്വേഷണം നടത്തിവന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ഇയാളെ കുറിച്ചുള്ള രഹസ്യ വിവരം ലഭിക്കുന്നത്. സ്പെയിനിലെ ഗാലപ്പഗാറിൽ മാനുവൽ എന്ന പേരിൽ കഴിയുകയാണെന്നും മാനൂസ് കിച്ചൻ എന്ന പേരിൽ ഒരു കട നടത്തുകയും ചെയ്തിരുന്നതായാണ് വിവരം ലഭിച്ചത്. ഉടൻ തന്നെ പോലീസ് ഗൂഗിൾ മാപ്പ് വഴി ഈ പ്രദേശത്തെ കടകളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ശേഷം, ഗൂഗിൾ സ്ട്രീറ്റ് വ്യൂവിലൂടെ ഈ കടയുടെ ചിത്രം പോലീസിന് ലഭിച്ചു.

കടയ്‌ക്ക് മുന്നിൽ രണ്ട് പേർ നിന്ന് സംസാരിക്കുന്ന ചിത്രമാണ് പോലീസിന് ലഭിച്ചത്. ആകസ്മികമെന്ന് പറയട്ടെ, ആ ചിത്രം പരിശോധിച്ചപ്പോൾ ആ രണ്ട് പേരിൽ ഒരാൾ പോലീസ് തേടി നടന്ന ഗാമിനോ തന്നെയായിരുന്നു. പിന്നീട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഒരു ട്രിപ് അഡൈ്വസറിന്റെ സഹായത്തോടെ പോലീസ് ആ കടയ്‌ക്ക് മുന്നിലെത്തി. പലർ വഴി ഇയാളെ കുറിച്ച് അന്വേഷിച്ച പോലീസ് ഒടുവിൽ ആ പിടികിട്ടാപ്പുള്ളിയെ പൂട്ടുകയായിരുന്നു.

പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ഗാമിനോ അവരോട് ചോദിച്ചു. ‘വീട്ടുകാരെ പോലും അറിയിക്കാതെ, ഒരു ഫോൺ കോൾ പോലും ചെയ്യാത്ത എന്നെ നിങ്ങൾ എങ്ങനെയാണ് കണ്ടെത്തിയത്?’ ഇതിന് പോലീസ് നൽകിയ മറുപടി രസകരമായിരുന്നു. ‘താങ്ക്‌സ് ടു ഗൂഗിൾ മാപ്പ്’ എന്നാണ് പോലീസ് പറഞ്ഞത്.

ഇറ്റലിയിലെ കുപ്രസിദ്ധ മാഫിയാ തലവനാണ് പിടികിട്ടാപ്പുള്ളിയായ ഗാമിനോ. കൊലപാതകങ്ങൾ, മയക്കുമരുന്നു കടത്ത്, മാഫിയാ പ്രവർത്തനങ്ങൾ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ജയിൽവാസത്തിനിടെ രക്ഷപ്പെട്ട് സ്പെയിനിൽ എത്തിയെങ്കിലും അവിടെവെച്ച് ഇയാൾ വീണ്ടും അറസ്റ്റിലാവുകയും റോമിലെ ജയിലിൽ കഴിയുകയും ചെയ്തു. 2002-ൽ ജയിലിനകത്തു നടന്ന ഒരു സിനിമാ ഷൂട്ടിംഗിനിടെ ഇയാൾ തന്ത്രപൂർവ്വം രക്ഷപ്പെട്ടു. തുടർന്ന് ഇയാൾക്കു വേണ്ടി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.