സ്വന്തം ലേഖകൻ: ഖത്തറിൽ മുഴുവൻ പൊതു, സ്വകാര്യ സ്കൂളുകളിലെയും അധ്യാപകരും ജീവനക്കാരും കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മുൻകൂട്ടി അപ്പോയിൻമെൻറ് എടുക്കാതെ തന്നെ രാജ്യത്തെ എല്ലാ ഹെൽത്ത് സെൻററുകളിലും ഫൈസർ, മൊഡേണ വാക്സിനുകളുടെ ബൂസ്റ്റർ ഡോസ് ലഭ്യമാണ്. പി.എച്ച്.സി.സിയുമായി സഹകരിച്ച് എല്ലാ സ്കൂളുകളിലും സുരക്ഷിതമായ അന്തരീക്ഷം ഒരുക്കേണ്ടത് പ്രധാനമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ബൂസ്റ്റർ ഡോസുമായി ബന്ധപ്പെട്ട് മുഴുവൻ പൊതു, സ്വകാര്യ സ്കൂളുകളിലേക്കും വിദ്യാഭ്യാസ പ്രക്രിയയുമായി ബന്ധപ്പെട്ട കക്ഷികൾക്കും വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക സർക്കുലർ അയച്ചിട്ടുണ്ട്. മാസ്ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക തുടങ്ങിയ സുരക്ഷ മുൻകരുതലുകളെല്ലാം സ്കൂളുകളിൽ നടപ്പാക്കണം. മന്ത്രാലയത്തിന് അകത്തും പുറത്തുമായുള്ള മറ്റു അധികാര സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നും സർക്കുലറിൽ പറയുന്നു.
സ്കൂൾ കെട്ടിടത്തിൽ അധ്യാപക, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർക്കായി നിശ്ചയിച്ച സമയക്രമം എല്ലാ സ്കൂളുകളും കൃത്യമായി പാലിക്കണം. ജനുവരി 27 വരെ എല്ലാ വിദ്യാർഥികൾക്കും വിദൂര ഒൺലൈൻ വിദ്യാഭ്യാസ പ്രക്രിയ നടപ്പാക്കണം. ഓൺലൈൻ ക്ലാസുകളിൽ വിദ്യാർഥികളുടെ ഹാജർ നില കൃത്യമായി രേഖപ്പെടുത്തണം. തത്സമയ ഒൺലൈൻ ക്ലാസുകളിൽ കുട്ടികൾ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം രക്ഷിതാക്കളെ ഓർമിപ്പിക്കണമെന്നും മന്ത്രാലയം സ്കൂളധികൃതരോട് നിർദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല