സ്വന്തം ലേഖകൻ: നീതിക്കും അതിജീവനത്തിനുമായുള്ള പോരാട്ടം തുടരുമെന്ന് ആക്രമണത്തിന് ഇരയായ നടി. കുറ്റം ചെയ്തത് താനല്ലെങ്കിലും അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്ക് വേണ്ടി നിലകൊള്ളുന്ന ശബ്ദങ്ങൾ കേൾക്കുമ്പോൾ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദിയെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പോസ്റ്റ് വായിക്കാം,
”ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.
കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ, എന്റെ ശബ്ദം നിലക്കാതിരിക്കാൻ. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.
നീതി പുലരാനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും ഞാൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.”
ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ഇരയായ നടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ബാലചന്ദ്രകുമാറിൽ നിന്ന് പ്രാഥമിക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുകയും ചെയ്തു.
ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ബുധനാഴ്ച ബാലചന്ദ്രകുമാറിൽ നിന്ന് പ്രത്യേക അന്വേഷണസംഘം രഹസ്യമൊഴി എടുക്കാനിരിക്കുകയാണ്. ഇതിനിടെ കേസിലെ മുഖ്യപ്രതി പൾസർ സുനിയും സാക്ഷി ജിൻസണും തമ്മിലുള്ള ഫോൺ സംഭാഷണം മാധ്യമങ്ങൾ ഇന്ന് പുറത്തുവിട്ടിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് ചൂണ്ടിക്കാട്ടി ദിലീപ് ഉൾപ്പെടെ ആറു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ദിലീപിനെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. അപ്പു, ബൈജു ചെങ്ങമനാട് എന്നിവരാണ് നാലും അഞ്ചും പ്രതികൾ.
നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എറണാകുളം മുൻ റൂറൽ എസ്.പിയും ഇപ്പോൾ ഐ.ജിയുമായ എ.വി. ജോർജ്, എസ്.പി. സുദർശൻ, സോജൻ, ബൈജു പൗലോസ് എന്നിവരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനാണ് കേസ്.
അതിനിടെ പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസില്‍ മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ നടന് ദീലീപിന്റെ നീക്കം. ഹൈക്കോടതിയിലാണ് ദീലീപ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് അപേക്ഷയില്‍ ദിലീപിന്റെ വാദമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല