സ്വന്തം ലേഖകൻ: വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർക്ക് മൂന്നു വർഷത്തെ ഫ്രീലാൻസ് വിസയുമായി ദുബൈ എയർപോർട്ട് ഫ്രീസോൺ. വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, മാധ്യമ മേഖല, കല, മാർക്കറ്റിങ്, കൺസൾട്ടൻസി എന്നീ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർക്കാണ് ‘ടാലൻറ് പാസ്’ എന്ന പേരിൽ വിസ നൽകുന്നത്.
ഇത് ലഭിക്കുന്നതോടെ മറ്റൊരു സ്ഥാപനത്തിന്റെ വിസയില്ലാതെ സ്വയം തൊഴിൽ ചെയ്യാൻ കഴിയും. ലോകമെമ്പാടുമുള്ള പ്രതിഭകളെ യു.എ.ഇയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിസ നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട കരാറിൽ ദുബൈ എയർപോർട്ട് ഫ്രീസോണും ദുബൈ കൾച്ചറും ജി.ഡി.ആർ.എഫ്.എയും ഒപ്പുവെച്ചു.
പുതുതായി രൂപവത്കരിച്ച ദുബൈ ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയുടെ (ഡി.എ.എഫ്.ഇസഡ്) കീഴിലാണ് ദുബൈ എയർപോർട്ട് ഫ്രീസോൺ. ടാലന്റ് പാസ് ലഭിക്കുന്നവർക്ക് മൂന്നു വർഷ വിസ ലഭിക്കുന്നതിനു പുറമെ ഡി.എ.എഫ്.ഇസഡിന് കീഴിൽ ഓഫിസ് വാടകക്ക് ലഭിക്കുകയും ചെയ്യും. ഫ്രീസോണിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി മറ്റ് ഉപഭോക്താക്കളിലേക്ക് കടന്നുചെല്ലാനും കഴിയും. ഇവിടെ നിലവിൽ 1800 കമ്പനികളും 20 സാമ്പത്തിക വകുപ്പുകളുമുണ്ട്.
ചെറുകിട സംരംഭകർ മുതൽ അന്താരാഷ്ട്ര കമ്പനികൾ വരെയുള്ള ഫ്രീസോണിൽ മൂന്നു വർഷത്തെ ഫ്രീലാൻസ് വിസ ലഭിക്കുന്നതോടെ വ്യക്തികൾക്ക് സ്വന്തമായി അനായാസം ഓഫിസ് തുറക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ഇവിടെയുള്ള സ്ഥാപനങ്ങളിൽ 30 ശതമാനവും ബഹുരാഷ്ട്ര കമ്പനികളാണ്. ഗോൾഡൻ, സിൽവർ വിസകൾക്കുശേഷം പ്രതിഭകളെ ആകർഷിക്കുന്നതിനായി ദുബൈ ഏർപ്പെടുത്തിയ പുതിയ സംവിധാനമാണ് ടാലന്റ് പാസ്. രാജ്യത്ത് കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കുകയും ജി.ഡി.പി വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശ പ്രകാരമാണ് വിസ ഏർപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല