ഇംഗ്ളണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ടീം ഇന്ത്യ ജൈത്രയാത്ര തുടരുന്നു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന നാലാം മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ, പരമ്പരയില്‍ 4-0ന് ഏകപക്ഷീയമായി മുന്നേറുകയാണ് മഹേന്ദ്രസിങ് ധോണിയും കൂട്ടരും. ഞായറാഴ്ച ആദ്യം ബാറ്റു ചെയ്ത ഇംഗ്ളണ്ട് 46.1 ഓവറില്‍ 220 റണ്‍സിന് പുറത്തായി. 40.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം കളഞ്ഞ് ഇന്ത്യ 223 റണ്‍സെടുത്തു. പുറത്താവാതെ 99 പന്തില്‍ 86 റണ്‍സ് നേടിയ വിരാട് കോഹ്ലിയുടെയും 62 പന്തില്‍ 80 റണ്‍സടിച്ച സുരേഷ് റെയ്നയുടെയും പ്രകടനമാണ് ടീമിന് അനായാസ ജയം ഒരുക്കിയത്.
കോഹ്ലി 11ഉം റെയ്ന 12ഉം ബൗണ്ടറിയടിച്ചു. റെയ്നയെ കൂടാതെ പാര്‍ഥിവ് പട്ടേല്‍ (എട്ട്), അജിന്‍ക്യ രഹാനെ (20), ഗൗതം ഗംഭീര്‍(ഒന്ന്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 18 പന്തില്‍ 15 റണ്‍സുമായി ധോണി പുറത്താവാതെ നിന്നു. ഇംഗ്ളണ്ടിന് ലഭിച്ച നാലില്‍ മൂന്നു വിക്കറ്റും സ്റ്റീവന്‍ ഫിന്നിനാണ്. റെയ്നയാണ് മാന്‍ ഓഫ് ദ മാച്ച്.
ഇംഗ്ളണ്ടിന് വേണ്ടി ടിം ബ്രെസ്നന് (45 പന്തില്‍ 45), കെവിന് പീറ്റേഴ്സണ് (61 പന്തില്‍ 41), ജൊനാഥന് ട്രോട്ട് (48 പന്തില്‍ 39) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് സന്ദര്‍ശകരെ 220ല്‍ ഒതുക്കിയത്. ആര്. അശ്വിന് 10 ഓവറില്‍ 38 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോള്‍ 6.1 ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്ത് അരങ്ങേറ്റക്കാരന്‍ വരുണ്‍ ആരോണും മൂന്നു വിക്കറ്റ് പിഴുതു. രവീന്ദ്ര ജദേജ 10 ഓവറില്‍ 41 റണ്‍സ് നല്കി രണ്ട് പേരെ പുറത്താക്കി.
ടോസ് ഭാഗ്യം ഞായറാഴ്ചയും അലിസ്റ്റര്‍ കുക്കിനെ തുണച്ചു. പകല്‍-രാത്രി മത്സരമായതിനാല്‍ കുക്ക് മറ്റൊന്നും ആലോചിക്കാതെ ബാറ്റിങ്ങും തെരഞ്ഞെടുത്തു. ഉശിരന്‍ തുടക്കമാണ് ബൗളര്‍മാര്‍ ഇന്ത്യക്ക് നല്‍കിയത്. പ്രവീണ്‍ കുമാറിന്‍െറയും വിനയ് കുമാറിന്‍െറയും ആദ്യ രണ്ട് ഓവറുകളില്‍ ഒരു റണ്‍ പോലും പിറന്നില്ല. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ പ്രവീണിനെ ബൗണ്ടറി കടത്തി കുക്ക് അക്കൗണ്ട് തുറന്നു.
വിനയ് എറിഞ്ഞ അടുത്ത ഓവറില്‍ ക്രെയ്ഗ് കീസ്വെറ്റര് രണ്ടു ഫോറും ഒരു സിക്സുമടിച്ച് 14 റണ്‍സാണ് എടുത്തത്. ആറാം ഓവര്‍ എറിയാനെത്തിയ അശ്വിനെ കീസ്വെറ്റര് തുടര്‍ച്ചയായി ബൗണ്ടറികളും സിക്സുമടിച്ചാണ് സ്വീകരിച്ചത്. എന്നാല്‍, അവസാന പന്തില്‍ കുക്കിനെ (10) വിക്കറ്റിനു മുന്നില്‍ കുടുക്കി അശ്വിന് തിരിച്ചടിച്ചു.
പ്രവീണ്‍ എറിഞ്ഞ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ കീസ്വെറ്ററും എല്‍.ബി.ഡബ്ള്യൂ ആയി മടങ്ങി. നാലു ബൗണ്ടറിയും രണ്ട് സിക്സുമടക്കം കീസ്വെറ്റര് 18 പന്തില്‍ 29 റണ്‍സ് നേടിയിരുന്നു. തുടര്‍ന്ന് ജൊനാഥന് ട്രോട്ടും കെവിന് പീറ്റേഴ്സണും ഇന്ത്യന്‍ ബൗളര്‍മാരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്തു. മൂന്നാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സ് നേടി. ട്രോട്ടിനെ വിനയ് ക്ളീന്‍ ബൗള്‍ഡാക്കിയതോടെ ഈ കൂട്ടുകെട്ടിന് വിരാമമായി. അധികം താമസിയാതെ പീറ്റേഴ്സണെ അശ്വിന് മടക്കി. സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡറായ മനോജ് തിവാരിയാണ് ക്യാച്ചെടുത്തത്. എട്ട് റണ്‍സടിച്ച രവി ബൊപാരയെയും ജോണി ബെയര്‍സ്റ്റോയെയും (9) ജദേജ മടക്കിയതോടെ ഇംഗ്ളണ്ട് ആറിന് 145 എന്ന നിലയില്‍ പരുങ്ങി.
സമിത് പട്ടേലിനും അധികനേരം ക്രീസില്‍ നില്ക്കാനായില്ല. 14 റണ്‍സ് നേടിയ സമിത് അശ്വിന്‍െറ ബൗളിങ്ങില്‍ കോഹ്ലിക്ക് പിടി നല്കി. ടോപ് സ്കോററായ ബ്രെസ്നനു പുറമെ സ്കോട്ട് ബോര്‍ത്ത്വിക്ക് (മൂന്ന്), സ്റ്റുവര്‍ട്ട് മീക്കര്‍ (ഒന്ന്) എന്നിവരുടെയും സ്റ്റമ്പ് പിഴുത് വരുണ്‍ ആരോണ്‍ തുടക്കം ഗംഭീരമാക്കി. ആറു ബൗണ്ടറിയടങ്ങിയതായിരുന്നൂ ബ്രെസ്നന്െറ പ്രകടനം. ഒരു റണ്‍സുമായി സ്റ്റീവന്‍ ഫിന് പുറത്താവാതെ നിന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല