സ്വന്തം ലേഖകൻ: ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിക്കുന്നത് വൈകിപ്പിച്ച് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. മാത്രവുമല്ല ജീവനക്കാരെല്ലാം ബൂസ്റ്റര്‍ വാക്സിന് എടുത്തിരിക്കണമെന്നും കമ്പനി നിര്‍ബന്ധമാക്കി. ജനുവരി 31 ന് ഓഫീസ് വീണ്ടും തുറക്കാനായിരുന്നു മെറ്റായുടെ പദ്ധതി. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴത് മാര്‍ച്ച് 28 ലേക്ക് നീട്ടി. നേരത്തെ ജീവനക്കാരെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വീട്ടില്‍ തന്നെ ജോലി തുടരാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനുള്ള അനുവാദം കമ്പനി നല്‍കിയിരുന്നു.
നിലവില്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് ഓഫീസില്‍ തിരികെയെത്താന്‍ മാര്‍ച്ച് 28 വരെ സമയം ലഭിക്കും. ഓഫീസില്‍ വരണോ, വീട്ടില്‍ തന്നെ തുടരണോ എന്ന് തീരുമാനിക്കാന്‍ ജീവനക്കാര്‍ക്ക് മാര്‍ച്ച് 14 വരെ സമയം നല്‍കിയിട്ടുണ്ട്. വീട്ടില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് സ്ഥിരമായി അത് തിരഞ്ഞെടുക്കാനും, താല്കാലികമായി വര്‍ക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാനും സാധിക്കും. ഒപ്പം ഓഫീസിലേക്ക് തിരിച്ചെത്തുന്നവരെല്ലാം കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടി വരും.
ആരോഗ്യപരമായും മതപരമായുമുള്ള കാരണങ്ങളാല്‍ വാക്സിനെടുക്കാത്തവര്‍ സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നതിനോ താല്കാലിക വര്‍ക്ക് ഫ്രം ഹോമിനോ അപേക്ഷിക്കണം. ഈ നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പടെയുള്ള അച്ചടക്കനടപടികള്‍ സ്വീകരിക്കും.
നേരത്തെ ഗൂഗിളും വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ഇത്തരം കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ജനുവരി 18 ഓടെ വാക്സിന് സ്വീകരിച്ചില്ലെങ്കില്‍ 30 ദിവസത്തെ പെയ്ഡ് ലീവില്‍ പ്രവേശിക്കാനാണ് ഗൂഗിളിന്റെ നിര്‍ദേശം. അത് കഴിഞ്ഞാല്‍ ആറ് മാസത്തെ ശമ്പളമില്ലാത്ത അവധിയെടുക്കേണ്ടി വരും. എന്നിട്ടും വാക്സിനെടുത്തില്ലെങ്കില്‍ കമ്പനിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല