![](https://www.nrimalayalee.com/wp-content/uploads/2022/01/Kuwait-Indian-Embassy-Outsourcing-centers.jpg)
സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ ഔട്ട് സോഴ്സിങ് കേന്ദ്രങ്ങൾ ഇന്ന് മുതൽ പുതിയ സ്ഥലങ്ങളിൽ. ഷർഖിലും ജലീബ് അൽ ഷുയൂഖിലും ഫഹാഹീലിലും പുതിയ ഇടങ്ങളിലേക്ക് മാറ്റിയ ഓഫിസുകൾ സ്ഥാനപതി സിബി ജോർജ് ഉദ്ഘാടനം ചെയ്തു. വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ള കേന്ദ്രങ്ങൾ വിവിധ ആവശ്യങ്ങളുമായി എത്തുന്ന ഇന്ത്യക്കാർക്ക് എളുപ്പത്തിൽ ലക്ഷ്യം പൂർത്തീകരിക്കാൻ ഉതകുമെന്ന് സ്ഥാനപതി സിബി ജോർജ് പറഞ്ഞു.
പാസ്പോർട്ട്/ വിസ/ കോൺസുലർ സേവനങ്ങൾക്ക് പുറമെ ഡോകുമെന്റ് അറ്റസ്റ്റേഷനും ഇനി മുതൽ ഔട്ട് സോഴ്സിങ് കേന്ദ്രങ്ങളിൽ മാത്രമായിരിക്കും. നിലവിൽ അറ്റസ്റ്റേഷൻ പ്രവൃത്തികൾ നടത്തിയിരുന്നത് എംബസിയിലാണ്. മരണവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾ എംബസിയിൽ തുടരും. വിവാഹം നടത്തുന്നതിന് എംബസിയിൽ എത്തണം. വിവാഹ സർട്ടിഫിക്കറ്റുകൾ ഔട്ട്സോഴ്സിങ് കേന്ദ്രങ്ങൾ വഴിയാണ് നൽകുക.
ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ ഉച്ച 12 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും വെള്ളിയാഴ്ച വൈകിട്ട് 4 മുതൽ രാത്രി 8 വരെയും ഔട്ട്സോഴ്സിങ് സെന്ററുകളിൽ സേവനം ലഭ്യമാകും. തൊഴിലെടുന്നവർക്ക് അവധിയെടുക്കാതെ പാസ്പോർട്ട്, കോൺസുലർ, അറ്റസ്റ്റേഷൻ കാര്യങ്ങൾ പൂർത്തീകരിക്കാൻ അതുവഴി സാധിക്കുമെന്ന് സ്ഥാനപതി പറഞ്ഞു.
നിലവിൽ എംബസിയിൽ എത്തിപ്പെടുന്നതിന് അനുഭവിക്കുന്ന ഗതാഗത പ്രശ്നവും മൂന്നിടങ്ങളിലെ കേന്ദ്രങ്ങളിൽ എത്തിപ്പെടുന്നതിന് നേരിടേണ്ടതില്ല. 3 കേന്ദ്രങ്ങളിലുമായി പ്രതിദിനം 700 പേർ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നുവെന്നാണ് കണക്ക്. ഔട്ട് സോഴ്സിങ് കേന്ദ്രങ്ങളിൽ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ എംബസിയിലെ വെൽഫെയർ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യം നൽകാനും ആലോചനയുണ്ടെന്ന് സിബി ജോർജ് പറഞ്ഞു.
ഔട്ട് സോഴ്സിങ് കേന്ദ്രങ്ങളിൽ ആവശ്യവുമായി എത്തുന്നവർക്ക് എന്തെങ്കിലും പ്രയാസം നേരിട്ടാൽ അവിടെവച്ചു തന്നെ വെബ് ക്യാമറ വഴി എംബസിയുമായി ബന്ധപ്പെടാം. അതിനുള്ള സൗകര്യം 3 കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ടെന്ന് സ്ഥാനപതി പറഞ്ഞ്. വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിലവിലുള്ളതിനെക്കാൾ കുറവായിരിക്കും. അത്തരത്തിലാണ് പുതിയ കമ്പനിയുമായുള്ള കരാർ.
കേന്ദ്രങ്ങളുടെ വിലാസം
ഷർഖ്
ജവാഹറ ടവർ (മൂന്നാം നില)
ഖാലിദ് ബിൻ വലീദ് സ്ട്രീറ്റ്,
കുവൈത്ത് സിറ്റി
ജലീബ് അൽ ഷുയൂഖ് (അബ്ബാസിയ)
ഒലിവ് സൂപ്പർമാർക്കറ്റ് ബിൽഡിങ്
ജലീബ് അൽ ഷുയൂഖ്
കുവൈത്ത്
ഫഹാഹീൽ
അൽ അനൂദ് ഷോപ്പിങ് കോംപ്ലസ്
മെസൈനിൻ ഫ്ലോർ
മക്ക സ്ട്രീറ്റ്
ഫഹാഹീൽ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല