സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് വ്യാപനം ശക്തമായി തുടരുന്നതായി റിപ്പോര്‍ട്ട്. പ്രതിദിന കോവിഡ് ബാധ നിരക്ക് നാലായിരത്തോടടുത്തു. ഇന്നലെ തിങ്കളാഴ്ച 3,878 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 3,335 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായിരിക്കുന്നത്. 543 പേര്‍ യാത്രക്കാരാണ്.
ഇതോടെ രാജ്യത്ത് നിലവിലുള്ള കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 25,131 ആയി ഉയര്‍ന്നു. ഇന്നലെ ഒരു കോവിഡ് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 64കാരനാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതേത്തുടര്‍ന്ന് ആശുപത്രികളില്‍ വലിയ ക്രമീകരണങ്ങള്‍ ഒരുക്കിയതായും മന്ത്രാലയം അറിയിച്ചു. അനിവാര്യ ഘട്ടങ്ങളളില്‍ മാത്രമേ കോവിഡ് ഇതര രോഗികള്‍ ആശുപത്രികളില്‍ എത്താവൂ എന്നും അല്ലാത്തവര്‍ ടെലിമെഡിസിന്‍ സേവനം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു.
കോവിഡ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീട്ടില്‍ എത്തിച്ചു നല്‍കുമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അറിയിച്ചു. ഖത്തര്‍ പോസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ആളുകള്‍ പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഓരോ ഹെല്‍ത്ത് സെന്ററിലെയും വാട്ട്‌സ്ആപ്പ് നമ്പറില്‍ ഹെലോ എന്ന് ടെക്‌സറ്റ് മെസേജ് അയച്ചാല്‍ ഫാര്‍മസി ജീവനക്കാര്‍ ഉടന്‍ തിരികെ ബന്ധപ്പെട്ട് ആവശ്യമായ മരുന്നിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തി അവ വീട്ടിലെത്തിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.
ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ രണ്ട് വരെയും ഉച്ചയ്ക്കു ശേഷം നാലു മുതല്‍ രാത്രി 10 വരെയും ഈ സേവനം ലഭ്യമാവും. വെള്ളി, ശനി ദിവസങ്ങൡല്‍ സേവനം ലഭ്യമല്ല. 30 റിയാലാണ് ഡെലിവറി ചാര്‍ജ്. രണ്ട് ദിവസത്തിനുള്ളില്‍ മരുന്നുകള്‍ വീട്ടിലെത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ, രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സ ആവശ്യമുള്ള കുട്ടികള്‍ക്കായി പ്രത്യേക ചികില്‍സാ കേന്ദ്രം ഖത്തറില്‍ സജ്ജീകരിച്ചു. അല്‍വക്ര ഹോസ്പിറ്റല്‍ കാമ്പസിലുള്ള അല്‍വക്ര പീഡിയാട്രിക് സെന്ററിലാണ് കുട്ടികളുടെ കോവിഡ് ചികില്‍സയ്ക്കായി മാത്രം സംവിധാനം ഒരുക്കിയിരിക്കുന്നത്. അടുത്ത കാലത്തായി കുട്ടികളില്‍ കോവിഡ് ബാധയുടെ നിരക്ക് വലിയ തോതില്‍ വര്‍ധിച്ചുവന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയും പരിചരണവും ഉറപ്പു വരുത്താനാണ് അവര്‍ക്കായി പ്രത്യേക ചികില്‍സാ കേന്ദ്രം ഒരുക്കിയതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിച്ചു.
അത്യാധുനിക സൌകര്യങ്ങളോട് കൂടിയ ആശുപത്രിയില്‍ നിലവില്‍ 39 പേരെ ഒരേ സമയം കിടത്തി ചികില്‍സിക്കാനുള്ള സൗകര്യമുണ്ട്. നാല് ഐസിയു ബെഡ്ഡുകള്‍ ഉള്‍പ്പെടെയാണിത്. കുറച്ചു സമയത്തേക്ക് മാത്രം ആശുപത്രി പ്രവേശനം ആവശ്യമായവര്‍ക്കായി 22 നിരീക്ഷണ ബെഡ്ഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ 140 പേരെ വരെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കാനാവുമെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല