![](https://www.nrimalayalee.com/wp-content/uploads/2020/02/Bishop-Franco-New-Accusation-from-a-Nun.jpg)
സ്വന്തം ലേഖകൻ: പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന് ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന് കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന് എന്നിവരുമാണു ഹാജരായത്.
കോടതിക്കു സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ ഉയർത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി. വിധി കേൾക്കുന്നതിനായി ബിഷപ് ഫ്രാങ്കോ പിൻവാതിലിലൂടെ കോടതിയിലെത്തിയിരുന്നു.
2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്. വൈക്കം മുൻ ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു.
25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ ദിവസങ്ങളിൽ തൃശൂരിലെ കുടുംബവീട്ടിൽ തങ്ങിയാണ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായത്. നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു കോടതിയുടെ വിലക്കുണ്ടായിരുന്നു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി വിശ്വസിക്കാനാവുന്നില്ലെന്ന് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തക സിസ്റ്റർ അനുപമ. കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും. പണവും സ്വാധീനവുമുണ്ടെങ്കിൽ എന്തും നേടാം.
അതുതന്നെയാണ് ഇവിടെയും സംഭവിച്ചതെന്ന് വിശ്വസിക്കുന്നു. മഠത്തിൽ തന്നെ തുടരുമെന്നും അന്നും ഇന്നും സുരക്ഷിതയല്ലെന്നും അനുപമ പറഞ്ഞു. അനുപമ ഉൾപ്പെടെയുള്ള കന്യാസ്ത്രീകളാണ് പരാതിക്കാരിക്കായി നിലകൊണ്ടത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിനും അനുപമയടക്കമുള്ള കന്യാസ്ത്രീകളാണ് നേതൃത്വം നൽകിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല